ഫെയ്‌സ്ആപ്പ് റഷ്യന്‍ ചാരനോ...?; അമേരിക്ക അന്വേഷണത്തിന്

നിലവില്‍ ഗൂഗിളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യആപ്പാണ് ഫെയ്‌സ്ആപ്പ്

Update: 2019-07-19 05:05 GMT

വാഷിങ്ടണ്‍: രണ്ടു ദിവസങ്ങളിലായി സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിയ ഫേസ് ആപ്പ് റഷ്യയ്ക്കു വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനാണെന്നു സംശയമുണ്ടെന്ന് അമേരിക്കന്‍ സെനറ്റര്‍. ആപ്ലിക്കേഷന്‍ വഴി യുഎസ് പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനാവുമെന്നത് ആശങ്കാജനകമാണെന്നും ഇക്കാര്യത്തെ കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തണമെന്നും സെനറ്റംഗം ചാക്ക് ഷമ്മര്‍ ആവശ്യപ്പെട്ടു.ഫെയ്‌സ് ആപ്പ് മൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ സമീപിക്കുകയും ചെയ്തു. അതിനിടെ, 2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ ഫെയ്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമിതി നിര്‍ദേശം നല്‍കുകയും ചെയ്തു.

    2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് തിരിച്ചടിയായിരുന്നുവെന്നാണ് വാദം. അമേരിക്കയ്‌ക്കെതിരേ റഷ്യ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഫെയ്‌സ് ആപ്പ് നിഷേധിച്ചു. ഉപയോഗശേഷം 48 മണിക്കൂറിനകം സെര്‍വറില്‍നിന്ന് തങ്ങള്‍ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും ഫെയ്‌സ്ആപ്പ് അധികൃതര്‍ പറഞ്ഞു.

    റഷ്യന്‍ പബ്ലിഷറായ വയര്‍ലെസ് ലാബ് 2017ലാണ് ഫെയ്‌സ്ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഫെയ്‌സ്ആപ്പിലൂടെ രൂപമാറ്റം വരുത്തിയ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിലവില്‍ ഗൂഗിളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യആപ്പാണ് ഫെയ്‌സ്ആപ്പ്.



Tags:    

Similar News