ഗബ്രിയേല്‍ അതാല്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി

Update: 2024-01-10 06:04 GMT
പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അതാലിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. ഇതോടെ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് അതാല്‍. മാത്രമല്ല, തന്റെ സത്വം സ്വവര്‍ഗാനുരാഗിയുടേതാണെന്ന് വെളിപ്പെടുത്തുക കൂടി ചെയ്തയാളാണ് അതാല്‍. സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയെക്കൂടിയാണ് ഫ്രാന്‍സിന് ഇതോടെ ലഭിച്ചത്. എലിസബത്ത് ബോണ്‍ രാജിവച്ചതോടെയാണ് പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അതാലിനെ തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് എലിസബത്ത് ബോണ്‍ രാജിവെച്ചത്.

ഇമ്മാനുവല്‍ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേല്‍ അതാല്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി പദവിയിലെത്തിയ അതാലിനെ ഫ്രഞ്ച് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പോലും 'മാക്രോണ്‍ ബോയ്' എന്നാണ്. കൊവിഡ് വ്യാപന കാലത്ത് സര്‍ക്കാര്‍ വക്താവായിരുന്നു അതാല്‍. അടുത്തകാലത്തായി നടത്തിയ ഒപീനിയന്‍ പോളുകളില്‍ ജനപ്രിയ രാഷ്ട്രീയപ്രവര്‍ത്തകരിലൊരാളായി ഗബ്രിയേല്‍ അതാലിനെയും തിരഞ്ഞെടുത്തിരുന്നു. റേഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് പ്രാപ്യനെന്ന പേര് ഇതിനോടകം അതാല്‍ നേടിയിട്ടുണ്ട്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയാണ് ഇദ്ദേഹം.

'2017 ലെ മാക്രോണിനോട് അല്‍പ്പം സാമ്യമുണ്ട് അതാലിന്' എന്നാണ് എംപിയായ പാട്രിക് വിഗ്‌നല്‍ പ്രതികരിച്ചത്. ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാവുകയായിരുന്നു. അതാലിന് പൂര്‍ണ്ണ പിന്തുണയാണ് മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടി നല്‍കുന്നത്.




Tags:    

Similar News