ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍, ഗസ ഒറ്റപ്പെട്ടു; മരണം 8000 കടന്നു

Update: 2023-10-29 05:46 GMT

ഗസ: ഗസയില്‍ അതിശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. മരണം 8000 കടന്നെന്ന് ഗസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായ ഗസയില്‍ നിന്ന് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്നും ഇത് ദൈര്‍ഘ്യമേറിയതും കഠിനമായതുമായിരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.ബന്ദികളെ മോചിപ്പിക്കാന്‍ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ആശങ്ക അവരുടെ ഉറ്റവര്‍ക്കുണ്ട്. ആക്രമണം കടുപ്പിച്ചാല്‍ ഹമാസ് ബന്ദികളുടെ മോചനത്തിന് നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രിയുടെ വിശദീകരണം.

ഇസ്രായേല്‍ ജയിലിലുള്ള ഫലസ്തീനികളെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെയൊരു കൈമാറ്റത്തെ പറ്റി യുദ്ധകാല ക്യാബിനറ്റില്‍ ചര്‍ച്ച നടന്നതായി നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു. ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കും ഇന്റര്‍നെറ്റും അടക്കം ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ എല്ലാ അര്‍ത്ഥത്തിലും ഗസ ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍ ഗസയിലും വടക്കന്‍ ഗസയിലും ശക്തമായ ബോംബിംഗ് നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വരെ എട്ടായിരത്തോളം ഗസ നിവാസികള്‍ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിയഞ്ഞൂറിനടുത്ത് ആളുകളെ കാണാനില്ല.







Tags:    

Similar News