സ്വകാര്യതാചട്ടങ്ങള്‍ ലംഘിച്ചു; ഗൂഗ്ളിന് റെക്കോഡ് തുക പിഴയിട്ട് ഫ്രാന്‍സ്

ഗൂഗ്ളിന് 1,264ഉം ഫെയ്‌സ്ബുക്കിന് 505ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎന്‍ഐഎല്‍ അറിയിച്ചു.

Update: 2022-01-07 04:04 GMT

പാരിസ്: യൂറോപ്യന്‍ യൂനിയന്റെ സ്വകാര്യതാചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഗൂഗ്ളിന് 1,264ഉം ഫെയ്‌സ്ബുക്കിന് 505ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎന്‍ഐഎല്‍ അറിയിച്ചു.

ഗൂഗ്ളിന് സിഎന്‍ഐഎല്‍ ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓണ്‍ലൈന്‍ ട്രാക്കറുകളായ കുക്കികള്‍ നിരസിക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് പിഴ.

ഗൂഗ്‌ളും ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോക്താക്കള്‍ക്ക് കുക്കികള്‍ എളുപ്പത്തില്‍ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, അവ എളുപ്പത്തില്‍ നിരസിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് സിഎന്‍ഐഎല്‍ അറിയിച്ചു. ഈ രീതിയില്‍ മാറ്റംവരുത്താന്‍ കമ്പനികള്‍ക്ക് മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലതാമസംവരുത്തുന്ന ഓരോ ദിവസവും 84.25 ലക്ഷം രൂപ അധികപിഴ അടയ്‌ക്കേണ്ടിവരുമെന്നും സിഎന്‍ഐഎല്‍ പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഗൂഗ്ള്‍ പ്രതികരിച്ചു.


Tags:    

Similar News