ഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകള്‍ തൊടുത്ത് വിട്ട് ഹിസ്ബുല്ല; നിരവധി പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ്: ഇസ്രായേലിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പേജര്‍, വോക്കി-ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യമായി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ നഗരമായ ഹൈഫയില്‍ ഉള്‍പ്പെടെ വ്യാപകമായി റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. റോക്കറ്റാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഹൈഫ ബേയിലെ ജനവാസ മേഖലകളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് നിരവധി കാറുകള്‍ കത്തിനശിച്ചിട്ടുണ്ട്.
ഗലീലി, കാര്‍മിയല്‍ മേഖലകളെ ലക്ഷ്യമിട്ടും റോക്കറ്റാക്രമണം ഉണ്ടായി. ഗലീലി ലക്ഷ്യമിട്ടുണ്ടായ റോക്കറ്റാക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. കാര്‍മിയലിലും സമീപ നഗരങ്ങളിലും റോക്കറ്റുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ഇസ്രായേലിന് നേരെ ആക്രമണത്തിന് ഉപയോഗിച്ച ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചര്‍ ടാര്‍ഗെറ്റഡ് ഡ്രോണ്‍ ആക്രമണത്തില്‍ നശിപ്പിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ആയിരക്കണക്കിന് പേജറുകള്‍ ലെബനനിലുടനീളം പൊട്ടിത്തെറിച്ച സംഭവത്തില്‍ 40ഓളം പേര്‍ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.