അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിച്ച് ഗസക്ക് വേണ്ടിയുള്ള സഹായം ഇസ്രായേല്‍ തടഞ്ഞുവെച്ചു
ഗസ: ഗസ മുനമ്പിലെ യുദ്ധ ബാധിതരായ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉത്തരവ് പോലും ഇസ്രായേല്‍ പാലിക്കുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച ഹരജിയാലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രതികരണം. ജനുവരി 26ന് ഗസയിലെ മനുഷ്യര്‍ക്കാവശ്യമായ അടിയന്തര ആവശ്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഇസ്രായേലിനോട് അന്താരാഷ്ട്ര നിതിന്യായ കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ വിധി അനുസരിച്ച് കൊണ്ട് ഇസ്രായേല്‍ എന്തൊക്കെ നടപടികള്‍ പാലിച്ചെന്നുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ഒന്നും തന്നെ ഇസ്രായേല്‍ പാലിച്ചില്ലെന്ന് മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഗസയിലെ മനുഷ്യര്‍ നേരിടുന്നത്.
ഇസ്രായേല്‍ സര്‍ക്കാര്‍ കോടതി വിധിയെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഡയറക്ടര്‍ ഒമര്‍ ഷാക്കിര്‍ പറഞ്ഞു. കോടതി ഉത്തരവിന് ശേഷം റഫയിലേക്ക് ഒരു സഹായവും കടത്തി വിടാന്‍ ഇസ്രായേല്‍ തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു. കോടതി ഉത്തരവ് പാലിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാജ്യങ്ങളോടും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. പട്ടിണിയെ യുദ്ധത്തിലെ ആയുധമാക്കി മാറ്റാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം സഹായങ്ങളുമായി ഗസയിലെത്തുന്ന ട്രക്കുകളുടെ കണക്കില്‍ 30 ശതമാനം കുറവുണ്ടായിട്ടുണ്ട്. ജനുവരി 27നും ഫെബ്രുവരി 21നും ഇടയില്‍ പ്രതിദിനം 93 ട്രക്കുകള്‍ ഗസയിലേക്ക് എത്തിയിരുന്നു.
വിധിക്ക് മുമ്പുള്ള മൂന്ന് ആഴ്ചകളില്‍ ഒരു ദിവസം ഗസയിലേക്ക് 147 ട്രക്കുകള്‍ എത്തിയിരുന്നെങ്കില്‍ ഫെബ്രുവരി ഒമ്പതിനും 21നും ഇടയില്‍ ഇത് 57 ആയി കുറഞ്ഞു. വടക്കന്‍ ഗസയിലേക്ക് ഇന്ധന വിതരണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കാന്‍ ഇസ്രായേല്‍ തയാറാകുന്നില്ലെന്നാരോപിച്ച് കഴിഞ്ഞാഴ്ച വേള്‍ഡ് ഫുഡ് പ്രോഗ്രാം സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരുന്നു.