അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മൃഗശാലയിലെ ജീവനക്കാരനില്‍നിന്ന് വൈറസ് ബാധിച്ചതായാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും മൃഗശാലാ അധികൃതര്‍ അറിയിച്ചു.
വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് റിപോര്‍ട്ട്. കാലഫോര്‍ണിയയിലെ സാന്‍ഡിയാഗോ സഫാരി പാര്‍ക്കിലെ ഗൊറില്ലകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ആദ്യമായാണ് ഗൊറില്ലകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് ഗൊറില്ലകള്‍ക്ക് കടുത്ത ചുമ അനുഭവപ്പെട്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുകയായിരുന്നു.
മൃഗശാലയിലെ ജീവനക്കാരനില്‍നിന്ന് വൈറസ് ബാധിച്ചതായാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും മൃഗശാലാ അധികൃതര്‍ അറിയിച്ചു. ഇവയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും ചുമ ഒഴിവാക്കിയാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും മൃഗശാലയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
വൈറസ് ബാധിച്ച ഗൊറില്ലകളെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് ഗൊറില്ലകളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കാലഫോര്‍ണിയയില്‍ വൈറസ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യം മുതല്‍ ഗോറില്ലകളെ പാര്‍പ്പിച്ചിരിക്കുന്ന സാന്‍ഡിയാഗോ സഫാരി പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാര്‍ ഗോറില്ലകള്‍ക്ക് സമീപം വരുമ്പോള്‍ മാസ്‌ക് അടക്കമുള്ള സംരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് മൃഗശാല അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.