ജര്‍മനിയില്‍ പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു
ജര്‍മനിയില്‍ ചാന്‍സ്‌ലര്‍ ആജ്ഞെലാ മെര്‍ക്കര്‍ അടക്കമുള്ള നൂറുകണക്കിനു പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.
ബര്‍ലിന്‍: ജര്‍മനിയില്‍ ചാന്‍സ്‌ലര്‍ ആജ്ഞെലാ മെര്‍ക്കര്‍ അടക്കമുള്ള നൂറുകണക്കിനു പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. താമസസ്ഥലം, മൊബൈല്‍ നമ്പര്‍, കത്തുകള്‍, ഐഡന്റിറ്റി ഡോക്യുമെന്റ്‌സ് തുടങ്ങിയ, രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വിവരങ്ങളും പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളുമടക്കമുള്ള രേഖകളുമാണ് ഹാക്കര്‍മാര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കഴിഞ്ഞ മാസം തന്നെ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വാര്‍ത്തയായതോടയാണ് രാഷ്ട്രീയ നേതാക്കളും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് മനസ്സിലാക്കാനായിട്ടില്ലെന്നും സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് മാര്‍ട്ടിന ഫിയെറ്റ്‌സ് വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവരാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നിലെന്നായിരുന്നു നിയമ മന്ത്രി കത്താരിനാ ബറേലിയുടെ പ്രതികരണം. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ വ്യക്തമാക്കി.