യുഎന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

കശ്മീര്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ ഇറങ്ങിപ്പോയത്. യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ ഇമ്രാന്‍ ഖാന്‍ സംസാരിച്ചുകൊണ്ടിരിക്കവെ ഇന്ത്യന്‍ പ്രതിനിധി പെട്ടെന്ന് ഹാളില്‍നിന്ന് ഇറങ്ങിപ്പോവുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Update: 2020-09-26 04:10 GMT

ജനീവ: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്‌കരിച്ചു. കശ്മീര്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ ഇറങ്ങിപ്പോയത്. യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ ഇമ്രാന്‍ ഖാന്‍ സംസാരിച്ചുകൊണ്ടിരിക്കവെ ഇന്ത്യന്‍ പ്രതിനിധി പെട്ടെന്ന് ഹാളില്‍നിന്ന് ഇറങ്ങിപ്പോവുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൈറലായ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ 50,000 ലധികം ആളുകള്‍ കാണുകയും 6,500 ലധികം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി നല്‍കുമെന്ന് ഇമ്രാന്റെ പ്രസംഗത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. യുഎന്‍ പൊതുസഭയില്‍തന്നെ ഇന്ത്യ പാകിസ്താന് മറുപടിയും നല്‍കി. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താനെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ പ്രതിനിധി, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാട് ആവര്‍ത്തിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്താന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നം. കശ്മീരില്‍നിന്ന് പാകിസ്താന്‍ ഒഴിഞ്ഞുപോവണമെന്നും ഇന്ത്യന്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കി.

പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ തര്‍ക്കമുള്ളൂ. ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാന്‍ഖാനെന്നും ഇന്ത്യ പറഞ്ഞു. പാകിസ്താനെ ''ഭീകരതയുടെ നഴ്‌സറിയും പ്രഭവകേന്ദ്രവും'' എന്നാണ് ജനീവയിലെ സ്ഥിരം മിഷന്റെ പ്രഥമ സെക്രട്ടറി സെന്തില്‍ കുമാര്‍ വിശേഷിപ്പിച്ചത്: ''എന്റെ രാജ്യത്തിനെതിരേ അടിസ്ഥാനരഹിതവും തെറ്റായതുമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാകിസ്താന്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു, അത് അവരുടെ നിഷേധാത്മകവും അസ്വസ്ഥവുമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

മറ്റുള്ളവരോട് പ്രസംഗിക്കുന്നതിനുമുമ്പ്, മനുഷ്യാവകാശലംഘനത്തിന്റെ ഏറ്റവും മോശം രൂപവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ് ഭീകരതയെന്ന് പാകിസ്താന്‍ ഓര്‍മിക്കേണ്ടതാണ്. തീവ്രവാദത്തിന്റെ നഴ്‌സറിയും പ്രഭവകേന്ദ്രവും എന്നറിയപ്പെടുന്ന ഒരു രാജ്യത്തുനിന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ലോകത്തിന് ആവശ്യമില്ല- സെന്തില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് 6.30ന് അഭിസംബോധന ചെയ്യും.

Tags:    

Similar News