കീവ്: റഷ്യന്‍ ആക്രമണം ശക്തമായതോടെ യുക്രെയ്ന്‍ വിടുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി. കര്‍ശനമായി പാലിക്കേണ്ട അഞ്ച് നിര്‍ദേശങ്ങളാണ് എംബസി നല്‍കിയിരിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ജനങ്ങള്‍ അതിര്‍ത്തികളില്‍ എത്തരുതെന്നാണ് പുതിയ നിര്‍ദേശം. അതിര്‍ത്തികളില്‍ സ്ഥിതിഗതികള്‍ സുരക്ഷിതമല്ല. മുന്‍കൂട്ടി അറിയിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ സഹായിക്കുന്നതില്‍ എംബസി വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
മറ്റ് അതിര്‍ത്തി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ജനങ്ങളെ രക്ഷിക്കാനുള്ള നപടികള്‍ ഊര്‍ജിതമാക്കുകയാണ്. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര തുടങ്ങുക, പോളണ്ട് അതിര്‍ത്തിയില്‍ ഒന്നിച്ച് എത്തുന്നത് ഒഴിവാക്കണം, രണ്ട് പോയിന്റുകള്‍ വഴിയെ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളൂ, സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍തന്നെ തുടരണം, രാത്രി എത്തുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥികള്‍ അതിര്‍ത്തിയിലേക്ക് കൂട്ടത്തോടെ വരരുതെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. പോളണ്ട് അതിര്‍ത്തിയില്‍ നിരവധി പേര്‍ കുടുങ്ങിയ സാഹചര്യത്തിലാണ് എംബസി ഇക്കാര്യം നിര്‍ദേശിച്ചത്. യുക്രെയ്‌നിലെ പടിഞ്ഞാറന്‍ നഗരങ്ങളിലുള്ളവര്‍ താരതമ്യേന സുരക്ഷിതരാണെന്നും അവര്‍ സ്ഥലത്ത് തുടരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചിട്ടുണ്ട്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ നാല് രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ അതിര്‍ത്തി കടത്താനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദേശങ്ങള്‍
1. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര
2. ഒന്നിച്ച് പോളണ്ട് അതിര്‍ത്തിയിലെത്തുന്നത് ഒഴിവാക്കണം
3. രണ്ട് പോയിന്റുകള്‍ വഴിയേ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളൂ
4. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണം
5. രാത്രി എത്തുന്നത് ഒഴിവാക്കണം