ഇസ്രായേലിനെതിരെ ആക്രമണം നടത്തി ഇറാന്‍; ഡ്രോണുകളും മിസൈലുകളും അയച്ചു

Update: 2024-04-14 05:27 GMT


തെല്‍ അവീവ്: ഇസ്രായേലിനെതിരേ ആക്രമണം തുടങ്ങി ഇറാന്‍. തെല്‍ അവീവ്, ജറുസലേം എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ നഗരങ്ങളില്‍ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. പല ഡ്രോണുകളും മിസൈലുകളും ഇസ്രായേലും അമേരിക്കയും ജോര്‍ദാനും ചേര്‍ന്ന് തകര്‍ത്തു. 185 ഡ്രോണുകള്‍, 36 ക്രൂയിസ് മിസൈലുകള്‍, 110 ഭൂതല മിസൈലുകള്‍ എന്നിവയാണ് ഇറാന്‍ ഉപയോഗിച്ചത്. ഇതില്‍ പലതും ഇസ്രായേലില്‍ നാശനഷ്ടമുണ്ടാക്കിയതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്രായേലില്‍ പരിഭ്രാന്തി മൂലമുള്ള തിക്കിലും തിരക്കിലും പെട്ട് 31 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. നൂറിലേറെ പേര്‍ കൂട്ടംചേരുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.

ഇസ്രായേലിലെ നഫാത്തിം വ്യോമകേന്ദ്രവും ആക്രമണ ലക്ഷ്യത്തില്‍ ഉള്‍പ്പെട്ടതായി ഇറാന്‍ വര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ അയച്ച ബാലിസ്റ്റിക് മിസൈലുകളില്‍ അധികവും ഇസ്രായേല്‍ വ്യോമ പരിധിക്ക് പുറത്ത് നിര്‍വീര്യമാക്കിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ മാരകമായ വ്യോമാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ്. ഈ വിഷയം തങ്ങള്‍ അവസാനിപ്പിച്ചതായും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡന്‍ നിര്‍ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം വ്യാപിക്കാതിരിക്കാന്‍ മേഖലയിലെ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തും. യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചതായും പെന്റഗണ്‍ അറിയിച്ചു. കൂടാതെ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരുന്നുണ്ട്.

അതേസമയം, സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യുദ്ധം മേഖലയെ വന്‍നാശത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.ഇസ്രായേലി പാര്‍ലമെന്റിന് സമീപം മിസൈലുകള്‍ വരുന്നതും അതിനെ സൈന്യം നിര്‍വീര്യമാക്കുന്നതിന്റെയെല്ലാം വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിലെ നേഗേവ് എയര്‍ബേസില്‍ പതിച്ചതിന്റെ വീഡിയോ ഇറാന്‍ പുറത്തുവിട്ടു.

ഇറാനെതിരെ പ്രത്യാക്രമണത്തിന് മിനി മന്ത്രിസഭാ യോഗം നെതന്യാഹുവിനെ ചുമതലപ്പെടുത്തി. ലെബനാന് നേരെ ശനിയാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണം നടത്തുകയും ചെയ്തു.





Tags:    

Similar News