ഇസ്രായേല്‍ ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍; 'വാഷിങ്ടണ്‍ ഇടപെട്ടാല്‍ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യംവെക്കും'

Update: 2024-04-14 11:04 GMT



ടെല്‍ അവീവ്: ഇസ്രായേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാന്‍. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കിയാല്‍ ഇസ്രായേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



ഒപ്പം, ഇസ്രായേലിന് അമേരിക്ക പിന്തുണ നല്‍കിയാല്‍ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പും നല്‍കി. സ്വിറ്റ്‌സര്‍ലന്‍ഡ് വഴിയാണ് ടെഹ്‌റാനില്‍നിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തര്‍ക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രതികരിച്ചു. അതേസമയം ഇസ്രായേലിനെ പിന്തുണച്ച് പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടില്ല എന്നര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



സിറിയയിലെ നയതതന്ത്രകാര്യാലയത്തില്‍ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാന്‍ ഇസ്രയേലിനെതിരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഇസ്രായേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേലി സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രായേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.



ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 200ഓളംമിസൈലുകളും ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.






Tags:    

Similar News