ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും; മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്
തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രായേലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്‌സി പറഞ്ഞത്.
ടെഹ്‌റാന്‍: ഇറാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പാകിസ്താനിലെത്തിയതാണ് റെയ്‌സി. ചൊവ്വാഴ്ച പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ ടെഹ്‌റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രായേലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്‌സി പറഞ്ഞത്.
ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്‌സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്‌സി വാഗ്ദാനം നല്‍കി.
സിറിയയിലെ ഡമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഏപ്രില്‍ 13ന് ഇറാന്‍ ശക്തമായി തിരിച്ചടിക്കുകയും 200ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേിലേക്ക് തൊടുത്ത് വിടുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്ഫഹാനില്‍ ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.