തിരച്ചിലിന് വിരാമം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Update: 2024-05-20 04:34 GMT

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ ഒരു തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. മലയിടുക്കുകളില്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റില്‍ റെയ്‌സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണ്.

ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്‌സി എത്തിയത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവും പങ്കെടുത്തിരുന്നു.

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ല്‍ ഇറാന്‍ പ്രസിഡന്റായ റഈസി, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ഗസ യുദ്ധംമൂലം കലുഷിതമായ മധ്യപൂര്‍വദേശ മേഖലയില്‍ പ്രധാന ശക്തിയാണ് ഇറാന്‍. ഇസ്രയേലിനെതിരെ പോരാടുന്ന ഗസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാന്‍ ശക്തമായ പിന്തുണയാണു നല്‍കുന്നത്.





Tags:    

Similar News