ഗസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ കൂട്ടകുരുതി; 70 പേര്‍ കൊല്ലപ്പെട്ടു

Update: 2023-10-14 04:41 GMT

ഗസ: വടക്കന്‍ ഗസ്സയില്‍ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേല്‍ വ്യോമാക്രണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഹമാസ് അറിയിച്ചു. കാറുകളില്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.അതേസമയം, ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേല്‍ തള്ളി. ഗസയെ ലക്ഷ്യമിട്ട് കടലില്‍ നിന്നുള്ള ആക്രമണം ഇസ്രായേല്‍ കടുപ്പിക്കുകയാണ്. വടക്കന്‍ ഗസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ഗസയില്‍നിന്ന് ആയിരങ്ങള്‍ വാഹനങ്ങളിലും നടന്നും തെക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളില്‍ ആളുകള്‍ നീങ്ങുകയാണെന്നും വഴിയില്‍ ബോംബിങ് നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വടക്കന്‍ ഗസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് ഇസ്രായേല്‍ പിന്‍വലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും അവരുടെ മേല്‍ സ്വാധീനമുള്ളവരും പുതിയ സംഘര്‍ഷമുണ്ടാകുന്നത് തടയുകയും വെസ്റ്റ് ബാങ്കിലേക്കും മറ്റ് വിശാലമായ പ്രദേശങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.





Tags:    

Similar News