ഗസാ സിറ്റി: വെടിനിര്‍ത്തല്‍ നീട്ടിയെന്ന പ്രഖ്യാപനത്തിനിടെ ലംഘിച്ച് ഇസ്രായേല്‍ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അധിനിവേശ സൈന്യം വീണ്ടും ആക്രമണം തുടങ്ങിയത്. ഗസ മുനമ്പിന്റെ വടക്കുനിന്ന് ആരംഭിച്ച് ഷെയ്ഖ് റദ്‌വാന്റെ സമീപപ്രദേശങ്ങളിലും വ്യോമാക്രമണം നടത്തി. സെന്‍ട്രല്‍ ഗസയില്‍ കരയുദ്ധം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഗസ മുനമ്പിന്റെ തെക്ക് ആകാശത്ത് ഇസ്രായേലി ഡ്രോണുകളുടെ ശബ്ദം ഉയര്‍ന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വരും മണിക്കൂറുകളില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഗസയില്‍ യുദ്ധം പുനരാരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചിട്ടുണ്ട്. ഇസ്രായേലാണ് ആക്രമണം തുടങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഹമാസാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആരോപണം. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മധ്യസ്ഥര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുദ്ധം പുനരാരംഭിച്ചത്. ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞിരുന്നു.