ഗസയില്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം;13 കുട്ടികളടക്കം 22 പേര്‍ കൊല്ലപ്പെട്ടു
ഗസ: ദക്ഷിണ ഗസയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കഴിയുന്ന അല്‍സൈത്തൂന്‍ സ്‌കൂളിനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ കുട്ടികളാണ്. ഇക്കൂട്ടത്തില്‍ മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞുബാലനും ഉള്‍പ്പെടുന്നു. ആറു സ്ത്രീകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. ദക്ഷിണ ഗസയിലെ റഫയില്‍ ഗസ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വെയര്‍ഹൗസിനു നേരെ ഇസ്രായേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.