പ്രതിഷേധം ശമിപ്പിക്കാന്‍ റഷ്യന്‍ നേതൃത്വത്തിലുള്ള സഖ്യത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഖസാക്കിസ്താന്‍

സര്‍ക്കാരിനെതിരേ തെരുവിലിറങ്ങിയ ജനക്കൂട്ടം നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിക്കുകയും സംഘര്‍ഷങ്ങളില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പ്രസിഡന്റ് റഷ്യന്‍ നേതൃത്വത്തിലുള്ള സഖ്യത്തോട് സഹായം തേടിയത്.

Update: 2022-01-06 06:08 GMT

നൂര്‍ സുല്‍ത്താന്‍: ഇന്ധന വില വര്‍ധനവിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ റഷ്യന്‍ നേതൃത്വത്തിലുള്ള സുരക്ഷാ സംഘത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഖസാക്കിസ്താന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് തോകയേവ്. സര്‍ക്കാരിനെതിരേ തെരുവിലിറങ്ങിയ ജനക്കൂട്ടം നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിക്കുകയും സംഘര്‍ഷങ്ങളില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പ്രസിഡന്റ് റഷ്യന്‍ നേതൃത്വത്തിലുള്ള സഖ്യത്തോട് സഹായം തേടിയത്.

കാസിം ജോമാര്‍ട്ട് തോകയേവ

ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിന് ഇതുവരെ അയവ് വരാത്ത സാഹചര്യത്തിലാണ് മുന്‍ സോവിയറ്റ് രാജ്യമായ ഖസാക്കിസ്താന്‍ റഷ്യന്‍ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. പുതുവര്‍ഷത്തിലെ ഇന്ധന വിലവര്‍ദ്ധനവിനെതിരെ മധ്യേഷ്യന്‍ രാജ്യമായ ഖസാക്കിസ്താനില്‍ ദിവസങ്ങളായി പ്രതിഷേധം ആളിക്കത്തുകയാണ്.ബുധനാഴ്ച പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടുകയും നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

'ഇന്ന് ഞാന്‍ സിഎസ്ടിഒ (കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍) രാജ്യങ്ങളുടെ തലവന്മാരോട് ഈ തീവ്രവാദ ഭീഷണി മറികടക്കാന്‍ ഖസാക്കിസ്താനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചതായി വ്യാഴാഴ്ച രാവിലെ സ്‌റ്റേറ്റ് ടെലിവിഷനില്‍ തൊകയേവ് പറഞ്ഞു. മറ്റ് അഞ്ച് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഎസ്ടിഒ സുരക്ഷാ സഖ്യത്തെ റഷ്യയാണ് നയിക്കുന്നത്.

കലാപത്തില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരും ദേശീയ ഗാര്‍ഡ് അംഗങ്ങളും കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖസാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിലിയന്‍ മരണങ്ങളുടെ കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച, അല്‍മാട്ടിയിലെ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലേക്കും മേയറുടെ ഓഫീസിലേക്കും ഇരച്ചുകയറുകയും രണ്ടും കത്തിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീയിടുകയും വ്യാപക അതിക്രമങ്ങള്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും പ്രവിശ്യകളിലും പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കമാണ് അസ്‌കര്‍ മാമിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രസിഡന്റ് ഖാസിം ജൊമാര്‍ട്ട് തൊകയേവിന് രാജിസമര്‍പ്പിരുന്നു. രാജി സ്വീകരിച്ച പ്രസിഡന്റ് അലിഖന്‍ സ്‌മെയ്‌ലോവിനെ താത്കാലിക പ്രധാനമന്ത്രിയായി നിയോഗിച്ചിട്ടുണ്ട്. ഇന്ധനവില കുറയ്ക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാറിന്റെ രാജിയും പ്രക്ഷോഭങ്ങളെ തണുപ്പിച്ചിട്ടില്ല.

എണ്ണസമൃദ്ധമായ ഖസാഖിസ്താനില്‍ സമീപകാലങ്ങളിലൊന്നും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായിട്ടില്ല. പ്രതിഷേധങ്ങള്‍ വെളിച്ചത്തുവരാതെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതില്‍ സര്‍ക്കാരും വിജയിച്ചിരുന്നു. എന്നാല്‍, പുതുവത്സരത്തില്‍ എല്‍പിജിയുടെ വില ഏകദേശം ഇരട്ടിയായി വര്‍ധിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനം. ഭൂരിഭാഗവും ആളുകളും എല്‍പിജി കാര്‍ ഉപയോഗിക്കുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Similar News