160ലധികം പേര്‍ കൊല്ലപ്പെട്ടു, റഷ്യന്‍ നേതൃത്വത്തിലുള്ള സൈന്യമിറങ്ങി; ഖസാക്കിസ്താനെ അശാന്തിയിലേക്ക് തള്ളിവിട്ടതിന്റെ കാരണം ഇതാണ്

ഇന്ധന വില വര്‍ധനവാണ് ജനം തെരുവിലിറങ്ങാനുള്ള പെട്ടെന്നുള്ള കാരണമായി കരുതുന്നതെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റുചിലതാണെന്ന് അടിത്തട്ടില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Update: 2022-01-10 06:36 GMT

നൂര്‍ സുല്‍ത്താന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശമനമില്ലാതെ തുടരുന്ന മധ്യേഷന്‍ രാജ്യമായ ഖസാക്കിസ്താനില്‍ പോലിസ് വെടിവയ്പിലും സംഘര്‍ഷങ്ങളിലും ഇതുവരെ 160ലധികം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. മുന്‍ സോവിയറ്റ് റിപബ്ലിക്കിന്റെ ഭാഗമായിരുന്ന രാജ്യത്ത് കലാപവുമായി ബന്ധപ്പെട്ട് 6,000ത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1.9 കോടി ജനസംഖ്യയുള്ള ഊര്‍ജ സമ്പന്നമായ രാഷ്ട്രം ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ആളിക്കത്തുകയാണ്. സംഘര്‍ഷങ്ങളുടെ പേരില്‍ നിരവധി വിദേശികളും തടവിലായിട്ടുണ്ട്.


പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ കൊല്ലപ്പെട്ട 103 പേര്‍ ഉള്‍പ്പെടെ 164 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച സര്‍ക്കാര്‍ നടത്തുന്ന ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ അറിയിച്ചു.

അതേസമയം, പുതിയ കണക്കുകള്‍ സ്വതന്ത്ര പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ലെന്നും മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ ഏറെ വരുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.


26 'സായുധ കുറ്റവാളികള്‍' കൊല്ലപ്പെട്ടതായും 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ടെലിഗ്രാം ചാനലില്‍ നിന്ന് ഈ പ്രസ്താവന പിന്‍വലിച്ചിരുന്നു. വിവരങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. അതേസമയം, മുമ്പത്തെ വിവരങ്ങള്‍ ഔദ്യോഗികമായി നിഷേധിക്കുകയോ പുതിയ കണക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം റഷ്യന്‍, കസാഖ് മാധ്യമങ്ങളോട് പറഞ്ഞു.


'ഗണ്യമായ എണ്ണം വിദേശ പൗരന്മാര്‍' ഉള്‍പ്പെടെ 5,800 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പ്രസിഡന്റ് കാസിം ജോ മാര്‍ട്ട് തോകയേവ് പറഞ്ഞു. 'രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സ്ഥിതി സുസ്ഥിരമായിട്ടുണ്ട്', സുരക്ഷാ സേന 'ശുചീകരണ' പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേര്‍ക്കു നേര്‍ വെടിവയ്പ്

ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒരാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. സാമ്പത്തിക കേന്ദ്രമായ അല്‍മാട്ടി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളിലേക്ക് സംഘര്‍ഷം പെട്ടെന്ന് വ്യാപിച്ചു. അവിടെ കലാപം പൊട്ടിപ്പുറപ്പെടുകയും പോലിസ് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.



ഏകദേശം 175 ദശലക്ഷം യൂറോ (199 ദശലക്ഷം ഡോളര്‍) സ്വത്ത് നാശനഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 100ലധികം വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും 400ലധികം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.


നഗരത്തിന്റെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആളുകളെ സംഘടിക്കുന്നത് തടയാന്‍ പോലിസ് ഇടയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ ആല്‍മാട്ടിയിലേക്ക് ആപേക്ഷിക ശാന്തത തിരിച്ചെത്തിയതായി ഒരു എഎഫ്പി ലേഖകന്‍ പറഞ്ഞു.

മുന്‍ സുരക്ഷാ മേധാവി അറസ്റ്റില്‍

രാജ്യദ്രോഹക്കുറ്റം ചുമത്തി തങ്ങളുടെ മുന്‍ സുരക്ഷാ മേധാവിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഖസാക്കിസ്താന്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിയും ഖസാക്കിസ്താന്റെ മുന്‍ നേതാവ് നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവിന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമായ കരീം മാസിമോവിനെ തടങ്കലില്‍ വച്ച വാര്‍ത്ത, മുന്‍ സോവിയറ്റ് രാഷ്ട്രത്തില്‍ അധികാരത്തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് പുറത്തുവന്നത്.രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച മാസിമോവിനെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി (കെഎന്‍ബി)യാണ് അറിയിച്ചത്.

വെടിവച്ചുകൊല്ലല്‍ നയത്തെ വിമര്‍ശിച്ച് യുഎസ്

സര്‍ക്കാറിനെതിരായ പ്രതിഷേധം പലയിടങ്ങളിലും കലാപമായി മാറിയതിനെ തുടര്‍ന്നാണ് അല്‍മാട്ടിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തത്.


20,000 'സായുധരായ കൊള്ളക്കാര്‍' അല്‍മാട്ടിയെ ആക്രമിച്ചതായും മുന്നറിയിപ്പില്ലാതെ കൊല്ലാന്‍ വെടിവയ്ക്കാന്‍ തന്റെ സൈന്യത്തിന് അധികാരം നല്‍കിയതായും തോകയേവ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഞായറാഴ്ച വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിനെ വിമര്‍ശിക്കുകയും അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നാസര്‍ ബയേവ്

ഇന്ധന വില വര്‍ധനവാണ് ജനം തെരുവിലിറങ്ങാനുള്ള പെട്ടെന്നുള്ള കാരണമായി കരുതുന്നതെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റുചിലതാണെന്ന് അടിത്തട്ടില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏകാധിപത്യ ഭരണകൂടങ്ങളുടെ ദശാബ്ദങ്ങളായുള്ള അടിച്ചമര്‍ത്തല്‍ ഭരണം തന്നെയാണ് ജനങ്ങളെ കൂട്ടമായി തെരുവിലിറക്കിയത്. മുന്‍ ഏകാധിപതിയും 1989 മുതല്‍ രാജ്യം ഭരിച്ച 81 വയസ്സുകാരനായ നാസര്‍ബയേവിനെതിരെയാണ് രാജ്യത്തെ പൊതുജന രോഷത്തിന്റെ ഭൂരിഭാഗവും പ്രത്യക്ഷപ്പെട്ടത്. അടുത്തിടെയാണ് നാസര്‍ബയേവ് അധികാരം കൈമാറിയത്. എന്നാല്‍, ഇപ്പോഴും നാസര്‍ ബയേവിന്റെ പിന്‍സീറ്റ് ഭരണമാണ് രാജ്യത്തുള്ളതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.


നസര്‍ബയേവിനെ പരാമര്‍ശിച്ച്, 'വൃദ്ധനെ പുറത്താക്കൂ' എന്ന മുദ്രാവാക്യമാണ് തെരുവിലെങ്ങും മുഴങ്ങിക്കേട്ടത്. തെക്കന്‍ നഗരമായ ടാല്‍ഡികോര്‍ഗനില്‍ നാസര്‍ ബയേവിന്റെ പ്രതിമ ജനക്കൂട്ടം തകര്‍ത്തിരുന്നു. അദ്ദേഹവും കുടുംബവും തിരശ്ശീലയ്ക്ക് പിന്നില്‍ നിയന്ത്രണത്തില്‍ തുടരുകയും സാധാരണ പൗരന്മാരുടെ ചെലവില്‍ വലിയ സ്വത്ത് സമ്പാദിക്കുകയും ചെയ്തുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

Tags:    

Similar News