റഷ്യയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു; വ്‌ലാദിമിര്‍ പുടിന്‍ രാജ്യം വിട്ടെന്ന് അഭ്യൂഹം

Update: 2023-06-24 15:51 GMT

മോസ്‌കോ: വാഗ്‌നര്‍ ഗ്രൂപ്പിന്റെ അട്ടിമറി നീക്കത്തെ തുടര്‍ന്ന് റഷ്യയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഒപ്പുവച്ചതയി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപോര്‍ട്ടുകളുണ്ട്. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം. എന്നാല്‍ ഈ വിമാനത്തില്‍ പുടിന്‍ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

    പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് വിമത നീക്കം നടത്തിയതോടെയാണ് അട്ടിമറിയിലേക്ക് നീങ്ങിയത്. വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോയിലേക്ക് നീങ്ങുന്നതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. മൂന്നു നഗരങ്ങള്‍ വാഗ്‌നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തതായും റഷ്യന്‍ സേന പ്രത്യാക്രമണം ആരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്. ശനിയാഴ്ച ഉച്ചയോടെ, വാഗ്‌നര്‍ ഗ്രൂപ്പിന് നേരെ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. മോസ്‌കോയിലേക്കുള്ള പാലങ്ങളില്‍ ഒന്ന് റഷ്യന്‍ സൈന്യം ബോംബ് വച്ച് തകര്‍ത്തതായും റിപോര്‍ട്ടുമുണ്ട്. ദക്ഷിണ റഷ്യന്‍ നഗരമായ റോസ്‌തോവ്ഓണ്‍ഡോണ്‍ പിടിച്ചെടുത്ത വാഗ്‌നര്‍ സേന, ഇവിടെനിന്നാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുന്നത്. ജനവാസ മേഖലകളിലൂടെ കടന്നുപോവുന്ന വാഗ്‌നര്‍ ഗ്രൂപ്പിന്റെ ടാങ്കുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പുടിന്‍ മോസ്‌കോയില്‍തന്നെയുണ്ടെന്നാണ് ക്രെംലിന്‍ കൊട്ടാരം അവകാശപ്പെടുന്നത്.

    പുടിന്റെ അടുത്ത അനുയായിയായിരുന്ന യെവ്ഗിനി പ്രിഗോഷ് ആണ് വാഗ്‌നര്‍ സംഘത്തിന്റെ തലവന്‍. പല സ്ഥലത്തും വിമതര്‍ പ്രധാന റോഡുകള്‍ അടച്ച് കുഴിബോംബുകള്‍ സ്ഥാപിച്ചു. അതിമോഹം കൊണ്ട് ചിലര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും വ്‌ലാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News