കുവൈത്തിലെ പൊതുമാപ്പ്: സാമ്പത്തിക ഇടപാടുകള്‍ക്കും വിട്ടുവീഴ്ച; ആദ്യവിമാനം ഇന്ന് പുറപ്പെടും

ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് കുവൈത്തില്‍ പൊതുമാപ്പ് കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ തിയ്യതികളില്‍ ഫിലിപ്പീന്‍സ് പൗരന്‍മാരാണ് നടപടിക്രമങ്ങള്‍ക്ക് എത്തേണ്ടത്. ആദ്യ രണ്ടുദിവസങ്ങളില്‍ 1,200 പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

Update: 2020-04-03 04:10 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ താമസനിയമലംഘനത്തിന്റെ പേരിലുള്ള പിഴസംഖ്യയ്ക്ക് പുറമെ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളില്‍നിന്നും ഒഴിവാക്കപ്പെടും. ട്രാഫിക്, മുനിസിപ്പാലിറ്റി പിഴകള്‍, ജലവൈദ്യുതി ബില്‍ കുടിശ്ശിക മുതലായ സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളില്‍നിന്നും സാമ്പത്തിക കുടിശ്ശികകളില്‍നിന്നും ഇവരെ ഒഴിവാക്കുന്നതാണ്. എന്നാല്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഇവയുമായി ബന്ധപ്പെട്ട കേസുകളും തീര്‍പ്പാക്കിയ ശേഷം മാത്രമേ ഇവര്‍ക്ക് രാജ്യം വിടാന്‍ സാധിക്കുകയുള്ളൂ.

ഇളവുകാലം പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകരായ വിദേശികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും പരിശോധനയില്‍ പിടിയിലായാല്‍ തിരിച്ചുവരാനാവാത്ത വിധം നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരെ പുറത്തുവിടുന്നില്ല. യാത്രാദിവസംവരെ താമസം കുവൈത്ത് അധികൃതരാണ് ഒരുക്കുന്നത്. ഇതിനായി 11 സെന്ററുകളാണ് സജ്ജീകരിച്ചത്. ലഗേജും സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടുമായാണ് ക്യാംപില്‍ എത്തേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരുടെ ആദ്യവിമാനം ഇന്ന് പുറപ്പെടും. 330 യാത്രക്കാരെയുംകൊണ്ട് ഫിലിപ്പീന്‍സിലേക്കാണു പോവുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് കുവൈത്തില്‍ പൊതുമാപ്പ് കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ തിയ്യതികളില്‍ ഫിലിപ്പീന്‍സ് പൗരന്‍മാരാണ് നടപടിക്രമങ്ങള്‍ക്ക് എത്തേണ്ടത്. ആദ്യ രണ്ടുദിവസങ്ങളില്‍ 1,200 പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കാര്‍ക്ക് നിശ്ചയിച്ചത് ഏപ്രില്‍ 11 മുതല്‍ 15 വരെ തിയ്യതികളാണ്. പുരുഷന്‍മാര്‍ ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേള്‍സ് സ്‌കൂളിലും സ്ത്രീകള്‍ ഫര്‍വാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അല്‍ മുത്തന്ന ബോയ്‌സ് സ്‌കൂളിലുമാണ് എത്തേണ്ടത്. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് പ്രവര്‍ത്തനസമയം. 

Tags:    

Similar News