കുവൈത്തിലെ പൊതുമാപ്പ്: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക സംവിധാനം വേണം-വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-04-10 13:29 GMT

തിരുവനന്തപുരം: കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കേണ്ട 50,000ത്തോളം ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്കെത്താനാവാശ്യമായ പ്രത്യേക യാത്രാ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇതില്‍ പകുതിയോളം ആളുകള്‍ മലയാളികളാണ്. ഇക്കാലയളവില്‍ രേഖകളില്ലാതെ താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ അവരവരുടെ നാട്ടിലേക്ക് പോകാനും പിന്നീട് കുവൈത്തിലേക്ക് തിരിച്ചുവന്ന് ജോലി ചെയ്യാനും കഴിയുന്ന വലിയ ആനുകൂല്യമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അടിയന്തിര തീരുമാനം എടുക്കണം. മറ്റ് രാജ്യങ്ങള്‍ ഇത് മുന്‍നിര്‍ത്തി അവരുടെ വിമാനത്താവളങ്ങള്‍ തുറന്ന് നല്‍കുകയും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിമാന യാത്രാ നിരോധനം നില നിര്‍ത്തിയാല്‍ പൊതുമാപ്പ് ലഭിച്ചിട്ടും നാട്ടിലെത്താവാനാവാതെ ആയിരക്കണക്കിന് മലയാളികളുള്‍പ്പെടയുള്ള പ്രവാസികള്‍ കുവൈത്തില്‍ നിയമ നടപടികള്‍ക്ക് വിധേയമായി കുടുങ്ങിക്കിടക്കും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി സൗജന്യമായി അവരെ നാട്ടിലെത്തിക്കുകയോ കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന യാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ വേണം. ഇതിനായി ഇന്ത്യക്കാരെയും കൊണ്ടുവരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ പ്രത്യേക അനുമതി നല്‍കണം. ഓരോ സംസ്ഥാനത്തേക്കുമുള്ള യാത്രക്കാര്‍ക്ക് അതത് സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ തന്നെ ഇറങ്ങാനുള്ള സംവിധാനം കുവൈത്ത് സര്‍ക്കാരുമായി ആലോചിച്ച് ഒരുക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.

    പാസ്‌പോര്‍ട്ടില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ നില്‍ക്കുന്ന പ്രവാസികള്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്(ഇസി) ലഭിക്കുന്നതിനായുള്ള നടപടികളും എംബസി വഴി ത്വരിതപ്പെടുത്തണം. ഇതിന് പ്രത്യേക ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം. കൊവിഡ് 19 സമ്പര്‍ക്ക സാധ്യതയുടെ പേരില്‍ ക്വാറന്റൈനില്‍ കഴിയുന്നവരും രോഗലക്ഷണങ്ങളുള്ളവരുമായ മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും മതിയായ ചികില്‍സയും സൗകര്യങ്ങളും നാട്ടില്‍ തന്നെ ലഭ്യമാക്കുന്നതിന് സൗജന്യ വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇതില്‍ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മക നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നും വിമാനത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം അടിയന്തിരമായി തയ്യാറാക്കി രാജ്യത്തിന്റെ ശക്തിയായ പ്രവാസികളുടെ സുരക്ഷയ്ക്കു സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News