മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ വെടിയണം-വെല്‍ഫെയര്‍

Update: 2024-10-11 14:35 GMT

കല്‍പ്പറ്റ: വയനാട് ദുരന്തം സംഭവിച്ച് രണ്ടുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് അര്‍ഹമായ ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന ക്രൂരതയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ രണ്ട് ദിവസമായി ദുരിതബാധിതരെയും പ്രദേശവാസികളെയും സന്ദര്‍ശിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത് 145.60 കോടി രൂപ മാത്രമാണ്. പുനരധിവാസം ഉള്‍പ്പെടെ 2000 കോടിക്ക് മുകളില്‍ അനിവാര്യമായിരിക്കെയാണ് തുച്ഛമായ തുക അനുവദിച്ച് കേന്ദ്രം വയനാടിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകവും ശാസ്ത്രീയവുമായ ഇടപെടല്‍ ഉണ്ടാവുന്നില്ല. പതിവ് പോലെത്തന്നെ പലതും ഇഴഞ്ഞ് നീങ്ങുകയാണ്. കൃത്യമായ ഒരു ഓഫീസ് സംവിധാനവും പുനരധിവാസവുമായി ബന്ധപ്പെട്ട് മാത്രം പ്രവര്‍ത്തിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘവും പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാകണം. നിലവില്‍ പുനരധിവാസത്തിന് കണ്ടെത്തിയ സ്ഥലം ദുരിതബാധിതര്‍ക്ക് ഒരുപാട് ആശങ്ക ഉണര്‍ത്തുന്ന സ്ഥലമാണ്. കണ്ടെത്തിയ സ്ഥലം വാസ യോഗ്യമല്ലെന്ന പരാതി സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. ദുരിത ബാധിതരുടെ ആശങ്കകള്‍ കൂടി പരിഗണിച്ച് കൊണ്ടാകണം പുനരധിവാസവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വയനാട് ജില്ല ജനറല്‍ സെക്രട്ടറി സി എച്ച് ഫൈസല്‍, ജില്ലാ സെക്രട്ടറി, പി എ ഇബ്രാഹീം, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് പി അബ്ദുര്‍റഹ്മാന്‍, വൈസ് പ്രസിഡന്റ് വി വി കെ മുഹമ്മദ് സംസാരിച്ചു.

Tags:    

Similar News