തകര്‍ന്ന വീട്ടില്‍ ജീവന്റെ തുടിപ്പ്...?; മുണ്ടക്കൈയില്‍ കെട്ടിടം പൊളിച്ച് വീണ്ടും തിരച്ചില്‍

Update: 2024-08-02 14:20 GMT

മേപ്പാടി: വയനാട് ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈയിലെ തകര്‍ന്ന വീട്ടില്‍നിന്ന് ജീവന്റെ തുടിപ്പെന്ന സംശയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരച്ചില്‍ തുടരുന്നു. മണ്ണിനടിയില്‍ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് രാത്രിയിലും ഫഌഡ്‌ലിറ്റിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്. നേരത്തേ, സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, രണ്ടാമത്തെ റഡാര്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യമാവാന്‍ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. ഇതേത്തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നെങ്കിലും പുതിയ സിഗ്നലിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ മണ്ണിനടിയില്‍നിന്ന് രണ്ടു തവണ സിഗ്‌നല്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ച് പരിശോധന നടത്തുന്നത്.

    മനുഷ്യന്റേതാണെന്ന് ഉറപ്പില്ലെങ്കിലും സ്ഥലത്ത് അതീവസൂക്ഷ്മതയോടെ മണ്ണുമാറ്റിയാണ് പരിശോധന നടത്തുക. വീടും കടയും ചേര്‍ന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്തെ കലുങ്കിനുള്ളില്‍നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് ആദ്യം പരിശോധിച്ചത്. 50 മീറ്റര്‍ ചുറ്റളവിലാണ് ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്‌നല്‍ ലഭിച്ചത്. റഷ്യന്‍ നിര്‍മിത റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലായിരുന്നു സിഗ്നല്‍ ലഭിച്ചത്. സ്ഥലത്ത് മൂന്നുപേരെ കാണാതായിരുന്നു. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ആളുണ്ടെങ്കില്‍ യന്ത്രത്തില്‍ സിഗ്‌നല്‍ കാണിക്കും. കെട്ടിടം പൊളിച്ചു വീണ്ടും പരിശോധന നടത്തുന്നിടത്ത് സൈന്യവും രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുണ്ട്.

    സംസ്ഥാന പോലിസും ഫയര്‍ ഫോഴ്‌സും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമെല്ലാം രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ദുരന്തത്തിന്റെ നാലാംനാളായ ഇന്ന് രാവിലെ പടവെട്ടിക്കുന്നില്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പലരും ജീവനോടെ ബാക്കിയുണ്ടായിരിക്കാമെന്ന പ്രതീക്ഷയുണ്ടായത്.

Tags:    

Similar News