മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലം തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും
മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം തുറന്നു. രണ്ടുദിവസത്തോളം നീണ്ട കഠിനാധ്വാനത്തിനു ശേഷം പൂര്‍ണ സജ്ജമാക്കിയ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു. വൈകീട്ട് 5.50നാണ് ആദ്യ വാഹനം കടത്തിവിട്ടത്. ഇന്ത്യന്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.
ഇതോടെ, മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെ പ്രദേശം പൂര്‍ണായും ഒറ്റപ്പെട്ടിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചതിനാലാണ് സൈന്യം ബെയ്‌ലി പാലത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ബെയ്‌ലി ബാലം. ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്ക്ക് എത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ വായുസേനയുടെ ഗ്ലോബ്മാസ്റ്ററിലാണ് സാധനസാമഗ്രികള്‍ എത്തിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച ഇവ 17 ലോറികളിലായാണ് വയനാട്ടിലെത്തിച്ചത്. ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ സൈന്യം താല്‍ക്കാലിക പാലം നിര്‍മിച്ചിരുന്നെങ്കിലും വലിയ ഭാരങ്ങളൊന്നും കടത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പുഴയില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ താല്‍ക്കാലിക പാലം മുങ്ങുകയും ചെയ്തിരുന്നു.