മുര്‍സിയുടേത് ആസൂത്രിത കൊലപാതകമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ്; അനുശോചിച്ച് ലോകനേതാക്കള്‍
അതേസമയം, മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര സമിതി അന്വേഷണം നടത്തണമെന്ന് ഇന്‍ഡിപെന്റന്റ് ഡിറ്റന്‍ഷന്‍ റിവ്യൂ പാനല്‍ ആവശ്യപ്പെട്ടു
കയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് ആസൂത്രിത കൊലപാതകമാണെന്നും ഈജിപ്ഷ്യന്‍ ഭരണകൂടമാണ് അതിന് ഉത്തരവാദിയെന്നും മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്താവിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കാനോ മരുന്ന് നല്‍കാനോ ഭരണകൂടം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കുറഞ്ഞ വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്നും ലണ്ടനിലെ മുസ് ലിം ബ്രദര്‍ഹുഡിലെ മുതിര്‍ന്ന അംഗം മുഹമ്മദ് സുദാന്‍ ആരോപിച്ചു. അദ്ദേഹത്തെ അവസാനകാലത്ത് ഒരു ചില്ല് കൂട്ടില്‍ അടയ്ക്കുകയായിരുന്നു. ആര്‍ക്കും അദ്ദേഹത്തെ കാണാനോ കേള്‍ക്കാനോ അനുമതി നല്‍കിയിരുന്നില്ല. മാസങ്ങളും ഒരു വര്‍ഷത്തോളമോ ആയി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചില്ല. അദ്ദേഹത്തിനു മരുന്ന് പോലും നിഷേധിച്ച് മെല്ലെ മെല്ലെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ അധികാരികള്‍ അദ്ദേഹത്തെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ചതായും പ്രസ്താവനയില്‍ ആരോപിച്ചു.
മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ ലോകനേതാക്കളും സംഘടനകളും അനുശോചിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തുടങ്ങിയവര്‍ അനുശോചിച്ചു. ഐക്യരാഷ്ട്ര സഭയും അനുശോചനം രേഖപ്പെടുത്തി. മുര്‍സിയുടെ മരണത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിനും ഈജിപ്തിനുമുണ്ടായ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും ദൈവത്തില്‍ നിന്നു തുടങ്ങിയ നാം ദൈവത്തിലേക്കു തന്നെ മടങ്ങുമെന്നും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ട്വിറ്ററില്‍ കുറിച്ചു. മുര്‍സിയുടെ കുടുംബത്തിനും അനുയായികളോടും അനുശോചനം രേഖപ്പെടുത്തുന്നതായി ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജാറിക് അറിയിച്ചു. അതേസമയം, മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്താരാഷ്ട്ര സമിതി അന്വേഷണം നടത്തണമെന്ന് ഇന്‍ഡിപെന്റന്റ് ഡിറ്റന്‍ഷന്‍ റിവ്യൂ പാനല്‍ ആവശ്യപ്പെട്ടു. മുര്‍സിയുടെ മരണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തടവുകാരോട് പെരുമാറാനുള്ള ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പാനല്‍ ചെയര്‍മാന്‍ ക്രിസ്പിന്‍ ബ്ലണ്ട് അഭിപ്രായപ്പെട്ടു. 'ദൗര്‍ഭാഗ്യകരമായ മരണം വിശദീകരിക്കാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുര്‍സിയുടെ മരണം ഭയാനകവും എന്നാല്‍ തികച്ചും പ്രതീക്ഷിച്ചതാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ലേ വിറ്റ്‌സണ്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് മതിയായ വൈദ്യസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുര്‍സിയുടെ അവസ്ഥ വളരെ മോശമാണെന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കുമ്പോഴെല്ലാം അദ്ദേഹം സ്വകാര്യ വൈദ്യസഹായവും വൈദ്യചികില്‍സയും അഭ്യര്‍ഥിച്ചിരുന്നു. വേണ്ടത്ര ഭക്ഷണവും മരുന്നും അദ്ദേഹത്തിനു ലഭിച്ചില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില കുറയുന്നതിനെക്കുറിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാരിന് കൃത്യമായി വിവരമുണ്ടായിരുന്നു. വന്‍തോതില്‍ ഭാരം കുറയുകയും നിരവധി തവണ കോടതിയില്‍ ബോധരഹിതനാവുകയും ചെയ്തിരുന്നു. ടെലിവിഷനോ ഇ-മെയിലോ അനുവദിച്ചില്ല. സുഹൃത്തുക്കളുമായും കുടുംബവുമായും ആശയവിനിമയം നടത്താതെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. അതിനാല്‍ തന്നെ മുര്‍സിയുടെ മരണത്തെ കുറിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സ്വതന്ത്ര അന്വേഷണം നടക്കില്ലെന്നും വാദിച്ച സാറാ ലേ വിറ്റ്‌സണ്‍ അല്‍ജസീറയോട് അഭിപ്രായപ്പെട്ടു. മുര്‍സിയുടേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കാലപാതകത്തിനു തുല്യമാണെന്നും മരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്നും മുര്‍സിയുടെ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഭരണത്തിനുകീഴില്‍ ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ അമര്‍ ദാരാഗ്, നിക്ഷേപ മന്ത്രിയായിരുന്ന യഹ്‌യ ഹമീദ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.