പ്രതിരോധ മന്ത്രിയെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ നടപടിക്കെതിരേ ഇസ്രായേലില്‍ കനത്ത പ്രതിഷേധം
തെല്‍അവീവ്: പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇസ്രായേലി പ്രതിപക്ഷ നേതാക്കള്‍. ഗാലന്റിന് പകരം വലതുപക്ഷ ന്യൂ ഹോപ്പ് പാര്‍ട്ടിയുടെ നേതാവ് ഗിഡിയന്‍ സാറിനെ പ്രതിരോധ മന്ത്രിയാക്കാന്‍ നെതന്യാഹു അടുത്തതായി തിങ്കളാഴ്ച ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗീഡിയാന്‍ സാറുമായി കഴിഞ്ഞദിവസം നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു.ഹമാസുമായി ഒരുകാരണവശാലും ധാരണ പാടില്ലെന്നാണ് സാര്‍ വാദിക്കുന്നത്.
തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷത്തില്‍ സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ച് നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. പ്രതിരോധ മന്ത്രിയെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതികളെ മുന്‍ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ് 'സുരക്ഷാ അശ്രദ്ധ' എന്ന് വിശേഷിപ്പിച്ചു.''ഇപ്പോള്‍ നെതന്യാഹു ചെയ്യുന്നത് ഇസ്രായേലിന്റെ സുരക്ഷയെ ഏറ്റവും മൂര്‍ച്ചയുള്ള രീതിയില്‍ അപകടത്തിലാക്കുമെന്നും ബെന്നി ഗാന്റ്‌സ് പറഞ്ഞു.
ഹിസ്ബുള്ളയ്ക്കെതിരായ ആസൂത്രിത നീക്കത്തിന് മുമ്പ് പ്രതിരോധ മന്ത്രിയെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഗാലന്റിന് പകരം സാറിനെ നിയമിക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതികള്‍ ഗസ യുദ്ധം തുടരാനുള്ള ശ്രമമാണെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ബരാക് പറഞ്ഞു.