'ആവശ്യമില്ല': അഫ്ഗാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

'ഈ കമ്മീഷനുകള്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമില്ല,' സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഐഇസി) സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി കമ്മീഷനെയും പരാമര്‍ശിച്ച് സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു.

Update: 2021-12-26 13:32 GMT

കാബൂള്‍: പാശ്ചാത്യ പിന്തുണയുള്ള മുന്‍ ഭരണകാലത്ത് രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന അഫ്ഗാനിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

'ഈ കമ്മീഷനുകള്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമില്ല,' സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഐഇസി) സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി കമ്മീഷനെയും പരാമര്‍ശിച്ച് സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു.

തങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ആവശ്യം തോന്നിയാല്‍, ഇസ്‌ലാമിക് എമിറേറ്റ് ഈ കമ്മീഷനുകള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സേന രാജ്യത്ത് നിന്നു പൊടുന്നനെ പിന്‍മാറിയതിനു പിന്നാലെയാണ് താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തത്.

2006ല്‍ സ്ഥാപിതമായ, കമ്മീഷന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നത് ഐഇസി ആയിരുന്നു.

'അവര്‍ തിടുക്കപ്പെട്ടാണ് ഈ തീരുമാനമെടുത്തത്, കമ്മീഷന്‍ പിരിച്ചുവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും'-മുന്‍ ഭരണത്തിന്റെ പതനം വരെ പാനലിന്റെ തലവനായ ഔറംഗസീബ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'ഈ ഘടന നിലവിലില്ലെങ്കില്‍, അഫ്ഗാനിസ്ഥാന്റെ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ട്, കാരണം തിരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ല'-ഔറംഗസീബ് വ്യക്തമാക്കി.

Tags:    

Similar News