സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ഗവേഷകര്‍
സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക്. ബെര്‍ക്ക്‌ലിയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിഡ് കാര്‍ഡ്, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള ജോഷ്വ ആംഗ്രിസ്റ്റ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗൈഡോ ഇംബെന്‍സ് എന്നിവര്‍ക്കാണ് പുരസ്‌കാരം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ടുപേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്. പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാര്‍ഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെന്‍സ് എന്നിവര്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ഗവേഷണങ്ങളില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹിക ശാസ്ത്രത്തിലെ പല വലിയ ചോദ്യങ്ങളും കാരണങ്ങളും അതിന്റെ ഫലം സംബന്ധിച്ചുമുള്ളതാണ്.
കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ നിലയെയും എങ്ങനെ ബാധിക്കും? നീണ്ട കാലയളവിലെ വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും? ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സ്വാഭാവികമായ പരീക്ഷങ്ങളിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചു- സമിതി കൂട്ടിച്ചേര്‍ത്തു. ഡേവിഡ് കാര്‍ഡ് കനേഡിയന്‍ പൗരനാണ്.
സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് ഏഴോളം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ജോഷ്വ ആഗ്രിസ്റ്റ് അമേരിക്കല്‍ പൗരനും ഗൈഡോ ഡച്ച് പൗരനാണ്. സ്വീഡിഷ് ബാങ്കായ സെന്റലഗ്‌സ് റിക്‌സ്ബാങ്ക് തങ്ങളുടെ 300ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ ഏര്‍പ്പെടുത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കുന്നത്.