അമേരിക്കയില്‍ വീണ്ടും പോലിസ് ക്രൂരത; കാറില്‍ ഉറങ്ങിക്കിടന്ന കറുത്ത വര്‍ഗക്കാരനെ വെടിവച്ചുകൊന്നു
കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആഫ്രോ- അമേരിക്കന്‍ വംശജനായ റെയ്ഷാര്‍ഡ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
വാഷിങ്ടണ്‍: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ വീണ്ടും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആഫ്രോ- അമേരിക്കന്‍ വംശജനായ റെയ്ഷാര്‍ഡ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും ഇതെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നുമാണ് വെടിവയ്പ്പിന് ന്യായീകരണമായി പോലിസ് അധികൃതര്‍ വിശദീകരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് അറ്റ്‌ലാന്റ പോലിസ് മേധാവി എറിക ഷീല്‍ഡ്സ് രാജിവച്ചതായി അറ്റ്ലാന്‍ഡ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് അറിയിച്ചു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ എത്രയുംപെട്ടെന്ന് സര്‍വീസില്‍നിന്ന് പുറത്താക്കാനും നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചയാണ് ബ്രൂക്സ് പോലിസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. വെന്‍ഡീസ് ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് സംഭവസ്ഥലത്തെത്തിയത്. വാഹനങ്ങള്‍ വന്നുപോവുന്ന വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ ഉറങ്ങുന്നുണ്ടെന്നും മാറ്റിത്തരണമെന്നുമായിരുന്നു പോലിസിന് ലഭിച്ച പരാതി. സ്ഥലത്തെത്തിയ പോലിസ് കാറില്‍ ഉറങ്ങുകയായിരുന്ന റെയ്ഷാര്‍ഡ് ബ്രൂക്ക്‌സിന് ലഹരി പരിശോധന നടത്തി.
പരിശോധനയില്‍ റെയ്ഷാര്‍ഡ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് പോലിസ് പറയുന്നത്. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് ഓടുന്നതും അദ്ദേഹത്തെ പിടിക്കാനായി പന്നില്‍ രണ്ട് പോലിസുകാര്‍ ഓടിയെത്തുന്നതുമാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. പിന്നീട് പോലിസുകാര്‍ അദ്ദേഹത്തെ വെടിവച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്. പോലിസ് പരിശോധനയ്ക്ക് തയ്യാറാവാതെ ബ്രൂക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസിനെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
പോലിസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്കുപിടിച്ചെടുത്ത് തന്നെ പിന്തുടര്‍ന്നവര്‍ക്കെതിരേ വെടിവയ്ക്കാനും ശ്രമിച്ചു. ഇതെത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, വെടിവയ്പ്പിന് ഇതൊരു ന്യായീകരണമല്ലെന്ന് അറ്റ്‌ലാന്റ മേയര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടു. ബ്രൂക്‌സിന്റെ കൊലപാതകത്തിന് പിന്നാലെ അറ്റ്‌ലാന്റയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പോലിസിന്റെ അധികാരങ്ങള്‍ കുറയ്ക്കണമെന്നും വംശീയ മുന്‍ധാരണകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവും അമേരിക്കയില്‍ ശക്തമായിരിക്കുകയാണ്.