ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജയായ ആദ്യ ആഭ്യന്തര സെക്രട്ടറി കൂടിയായ പ്രീതി പട്ടേല്‍ ചുമതലയേറ്റത്.
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന തെരേസ മേയുടെ ബ്രെക്‌സിറ്റിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ആളായിരുന്നു പ്രീതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 2010 എസെക്‌സിലെ വിഥാമില്‍നിന്നും കണ്‍സര്‍വേറ്റീവ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഡേവിഡ് കാമറൂണ്‍ ടോറി സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2016ല്‍ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ കളിയാക്കലിന് ഇരയായി 2017ല്‍ പ്രീതി സ്ഥാനം ഒഴിഞ്ഞിരുന്നു. ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന പ്രീതി ഗുജറാത്ത് സ്വദേശികളുടെ മകളാണ്.