''ഭീകരവാദം സ്‌പോണ്‍സര്‍'' ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ക്യൂബയെ യുഎസ് നീക്കം ചെയ്യും
വാഷിങ്ടണ്‍-ഹവാന: ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചു. ക്യൂബ ആഗോളതലത്തില്‍ ''ഭീകരവാദം സ്‌പോണ്‍സര്‍'' ചെയ്യുന്നതിന് തെളിവില്ലെന്ന് യുഎസ് ഭരണകൂടം അറിയിച്ചു. ഇതേ തുടര്‍ന്ന് ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ക്യൂബയ്ക്ക് പുറമേ സിറിയ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ 553 തടവുകാരെ മോചിപ്പിക്കാന്‍ ക്യൂബയും തീരുമാനിച്ചു. നിരവധി യുഎസ് പൗരന്‍മാര്‍ ഇതോടെ മോചിപ്പിക്കപ്പെടും. നാലുവര്‍ഷം മുമ്പ് ക്യൂബന്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തിയവരെയും മോചിപ്പിക്കും. ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നു ആരോപിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത ഉപരോധമാണ് യുഎസ് ഏര്‍പ്പെടുത്തുക.
യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ 2015ല്‍ ക്യൂബയെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന ഡോണള്‍ഡ് ട്രംപ് വീണ്ടും പട്ടികയില്‍ ചേര്‍ത്തു. വെനുസ്വേലയിലെ നിക്കോളാസ് മധുറോ ഭരണകൂടത്തിന് പിന്തുണ നല്‍കുന്നു എന്നായിരുന്നു ആരോപണം. ഡോണള്‍ഡ് ട്രംപ് രണ്ടാമതും അധികാരത്തില്‍ വരുന്നതിന് അഞ്ച് ദിവസം മുമ്പാണ് ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ നടപടി.ക്യൂബക്കെതിരേ കടുത്ത ഉപരോധം വേണമെന്ന നിലപാടുകാരനാണ് ഡോണള്‍ഡ് ട്രംപ്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ട്രംപ് നിയമിക്കാന്‍ പോവുന്ന മാര്‍ക്കോ റൂബിയ കടുത്ത ക്യൂബന്‍ സര്‍ക്കാര്‍ വിരുദ്ധനാണ്.
1959ല്‍ ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ ക്യൂബയില്‍ അധികാരം പിടിച്ചപ്പോള്‍ യുഎസിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് മാര്‍ക്കോ റൂബിയ.