ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം ഫോറസ്റ്റിനോട് സമനില

Update: 2025-01-15 05:56 GMT

ദി സിറ്റി ഗ്രൗണ്ട്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ 1-1 ന് സമനിലയില്‍ കുരുക്കി. ലിവര്‍പൂളിനെ ഞെട്ടിച്ചായിരുന്നു നൊട്ടിങ്ഹാം ഫോറസ്റ്റിന്റെ തുടക്കം. ഏട്ടാം മിനിട്ടില്‍ എലാങ്കയുടെ പാസിലൂടെ ക്രിസ് വുഡാണ് ഫോറസ്റ്റിന് ആദ്യ മുന്നേറ്റം നല്‍കിയത്. രണ്ടാം പകുതിയില്‍ ഹെഡറിലൂടെ ഡിയോഗോ ജോട്ട(66) ലിവര്‍പൂളിനായി ആശ്വാസഗോള്‍ നേടി. സമനില വഴങ്ങിയെങ്കിലും ലിവര്‍പൂള്‍ ഒന്നാമത് തുടരും. നോട്ടിങ്ഹാം രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മല്‍സരത്തില്‍ സ്വന്തം മൈതാനത്ത് 2-2 എന്ന സ്‌കോറിലാണ് ബ്രന്റ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ സമയനിലയില്‍ തളച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അറുപത്താറാം മിനിട്ടിലാണ് സിറ്റിയിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ കണ്ടത്. എഴുപത്തെട്ടാം മിനിട്ടില്‍ സിറ്റി രണ്ടാം ഗോള്‍ നേടി. അവസാന പത്ത് മിനിട്ടിലായിരുന്നു ബ്രന്റ്‌ഫോര്‍ഡിന്റെ തിരിച്ചുവരവ്.

മറ്റൊരു മല്‍സരത്തില്‍ എഎഫ്‌സി ബേണ്‍മൗത്തിനെ ചെല്‍സി 2-2 സമനിലയില്‍ പിടിച്ചു. ചെല്‍സിയുടെ സ്വന്തം തട്ടകത്തിലാണ് ബോണ്‍മൗത് മികവ് പുറത്തെടുത്തത്. പതിമൂന്നാം മിനിട്ടില്‍ ചെല്‍സിയാണ് ആദ്യ ഗോള്‍ നേടിയതെങ്കിലും സമനില ഗോള്‍ നേടാന്‍ മല്‍സരത്തിന്റെ അധികസമയം വരെ കാത്തിരിക്കേണ്ടിവന്നു. തൊണ്ണൂറ്റഞ്ചാം മിനിട്ടിലാണ് റീസ് ജെയിംസിന്റെ ഫ്രീക്കിക്കിലൂടെ ചെല്‍സി സമനില പിടിച്ചത്. പോയിന്റ് പട്ടികയില്‍ ചെല്‍സി നാലാമതും ബോണ്‍മൗത് ഏഴാമതുമാണ്.



Similar News