സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണയക്ക്; ജിദ്ദയിലെ എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ വീണു
ജിദ്ദ: കളിയിലെ സര്‍വ്വ മേഖലയിലും റയല്‍ മഡ്രിഡിനെ നിഷ്പ്രഭരാക്കി ബാഴ്‌സലോണയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് റയലിനെ തകര്‍ത്താണ് ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം കിരീടമുയര്‍ത്തിയത്. കറ്റാലന്‍സിന്റെ 15 ാം സൂപ്പര്‍ കപ്പ് കിരീടമാണിത്. തുടര്‍ച്ചയായ 3ാം തവണ സൂപ്പര്‍ കപ്പ് ഫൈനല്‍ കളിച്ച ബാഴ്‌സയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയല്‍ മഡ്രിഡ് ആയിരുന്നു എതിരാളികള്‍. റയല്‍ മഡ്രിഡ് 13 തവണ സൂപ്പര്‍ കപ്പ് കിരീടം നേടിയിട്ടുണ്ട്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബപെയിലൂടെ റയല്‍ മുന്നിലെത്തിയെങ്കിലും വൈകാതെ വിശ്വരൂപം പുറത്തെടുത്ത ബാഴ്‌സ, തുടരെ റയലിന്റെ ഗോള്‍വല നിറച്ച് ആധിപത്യമുറപ്പിച്ചു. 22 ാം മിനിറ്റില്‍ ലമീന്‍ യമാലിലൂടെയാണ് ബാഴ്‌സ സമനില ഗോള്‍ നേടിയത്. പിന്നാലെ എഡ്വേഡോ കമവിന്‍ഗയുടെ പിഴവില്‍ 36 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോളാക്കിയതോടെ ബാഴ്‌സ മുന്നിലെത്തി. 39 ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റാഫീഞ്ഞ ബാര്‍സയുടെ ലീഡുയര്‍ത്തി.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, അലഹാന്ദ്രോ ബാള്‍ഡെ വീണ്ടും റയലിന്റെ ഗോള്‍വല ചലിപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ റഫീഞ്ഞ (48 ാം മിനിറ്റ്) വീണ്ടും പന്ത് റയലിന്റെ വലയിലെത്തിച്ചു. 56 ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ വോയ്‌ചെക് ഷെസ്‌നി ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതോടെ ബാര്‍സ പത്തു പേരായി ചുരുങ്ങി. 60 ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെയായിരുന്നു റയലിന്റെ രണ്ടാം ഗോള്‍.