ക്യൂബെക് സിറ്റി: കാനഡയിലെ ക്യൂബക് സിറ്റിയില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊന്ന പ്രതിക്കു ജീവപര്യന്തം തടവ്. ഫ്രഞ്ച് വംശജനായ കനേഡിയന്‍ വിദ്യാര്‍ഥി അലക്‌സാന്ദ്രെ ബിസോനെത്തെ(29)യെയാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കുറഞ്ഞതു 40 വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷമേ ബിസോനെത്തെക്കു പരോളിനു അപേക്ഷിക്കാന്‍ പോലും സാധിക്കൂ. മുസ്‌ലിംകളോടുള്ള അകാരണമായ വെറുപ്പു മാത്രമാണു വെടിവപ്പിനു കാരണമെന്നും അതിനാല്‍ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ടെന്നും വിധി പുറപ്പെടുവിച്ചു കൊണ്ടു കോടതി വ്യക്തമാക്കി. വംശീയ വിദ്വേഷം കൊണ്ടു മാത്രം ആറുപേരെ കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 2017 ജനുവരി 29നാണു ക്യൂബക്‌സിറ്റിയിലെ പള്ളിയിലെത്തിയ അലക്‌സാന്ദ്രെ ബിസോനെത്തെ വെടിവപ്പു നടത്തിയത്. ഞായാറാഴ്ച സായാഹ്‌ന പ്രാര്‍ഥനക്ക് 50 ഓളം പേര്‍ ഒത്തുകൂടിയ സമയത്തായിരുന്നു വെടിവപ്പ്. സംഭവം മുസ്‌ലിംങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണമാണെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.