
മോസ്‌ക്കോ: ഈസ്റ്റര്‍ ദിനത്തില്‍ യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതല്‍ നാളെ അര്‍ധ രാത്രി വരെയാണ് വെടിനിര്‍ത്തല്‍. ഇതുസംബന്ധിച്ചു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് വെടിനിര്‍ത്തല്‍. എന്നാല്‍ ഇതു സംബന്ധിച്ച് യുക്രൈന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നു പുടിന്‍ വ്യക്തമാക്കി. യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന്‍ പ്രതികരിച്ചു. ശത്രുവിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.