റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു, രണ്ടുമരണം; മാപ്പപേക്ഷിച്ച് അസര്‍ബൈജാന്‍
ബാക്കു(അസര്‍ബൈജാന്‍): അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്തുള്ള അര്‍മേനിയയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത് അസര്‍ബൈജാന്‍ സമ്മതിച്ചു. മോസ്‌കോയെ ലക്ഷ്യമിട്ടല്ല ആക്രമണമെന്നും ദാരുണ സംഭവവുമായി ബന്ധപ്പെട്ട് അസര്‍ബൈജാന്‍ റഷ്യന്‍ ജനതയോട് മാപ്പപേക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അര്‍മേനിയയ്ക്കും അസര്‍ബൈജാനും തമ്മിലുള്ള സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതായും റഷ്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഈ പ്രദേശത്ത് മുമ്പ് കണ്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അര്‍മേനിയന്‍ വിഘടനവാദികളുമായുള്ള പോരാട്ടത്തിനിടയിലാണ് അസര്‍ബൈജാന്‍ സേന വെടിവയപ് നടത്തിയതെന്നും അവര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തര്‍ക്കപ്രദേശമായ നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി അസര്‍ബൈജാനും അര്‍മേനിയന്‍ വിഘടനവാദികളും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സംഭവം.
Russian Military Helicopter Shot Down, 2 Dead; Azerbaijan Says Sorry