അര്‍മേനിയന്‍ ആക്രമണം: അസര്‍ബൈജാന്‍ തുര്‍ക്കി സംയുക്ത സൈനികാഭ്യാസം നടത്തി
കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ അസര്‍ബൈജാനി സൈന്യത്തെ അര്‍മേനിയ ആക്രമിച്ചിരുന്നു
ബാകൂ: അസര്‍ബൈജാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അര്‍മേനിയന്‍ സൈന്യം ആക്രമണം നടത്തിയ പശ്ചാതലത്തില്‍ തുര്‍ക്കിയുമായി ചേര്‍ന്ന് അസര്‍ബൈജാന്‍ സംയുക്ത സൈനികാഭ്യാസം നടത്തി. ഇരു രാജ്യങ്ങളുടെയും വ്യോമ-കരസേനകള്‍ അഭ്യാസത്തില്‍ പങ്കെടുത്തു. 13 ദിവസത്തെ സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ചയാണ് അവസാനിച്ചത്.
കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലെ അസര്‍ബൈജാനി സൈന്യത്തെ അര്‍മേനിയ ആക്രമിച്ചിരുന്നു. ഒരു മേജര്‍ ജനറലും കേണലും ഉള്‍പ്പെടെ 12 അസര്‍ബൈജാനി സൈനികര്‍ കൊല്ലപ്പെടുകയും നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 76 കാരനായ അസര്‍ബൈജാനി പൗരനും ജീവന്‍ നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് അര്‍മേനിയ പ്രകോപനപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അസര്‍ബൈജാന്‍ ആരോപിച്ചിരുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള അസര്‍ബൈജാന്‍ പ്രദേശമായ നാഗോര്‍നോ-കറാബക്ക് 1991 മുതല്‍ നിയമവിരുദ്ധമായി അര്‍മേനിയ കൈയ്യടക്കി വെച്ചിരിക്കുകയാണ്.