ഫലസ്തീന്‍ മുന്‍ വക്താവ് ഹനാന്‍ അശ്‌റവിക്ക് യുഎസ് വിസ നിഷേധിച്ചു
വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ക്കും മറ്റുമായി ക്ഷണിക്കപ്പെട്ടതിനാലും ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് വിസയ്ക്കു വേണ്ടി അപേക്ഷിച്ചത്
റാമല്ല: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പിഎല്‍ഒ) എക്‌സിക്യൂട്ടീവ് അംഗവും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഡോ. ഹനാന്‍ അശ്‌റവിക്ക് അമേരിക്ക വിസ നിഷേധിച്ചു. അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശ്തയും മുന്‍ മന്ത്രിയും കൂടിയായിരുന്ന ഹനാന്‍ ദാവൂദ് ഖലീല്‍ അശ്‌റവിക്കാണ് കാരണമൊന്നും വ്യക്തമാക്കാതെ വിസ നിഷേധിച്ചതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഫലസ്തീന്‍ വക്താവായും മറ്റും പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന അശ്‌റവിക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ക്കും മറ്റുമായി ക്ഷണിക്കപ്പെട്ടതിനാലും ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് വിസയ്ക്കു വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ തിങ്കളാഴ്ച കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ അപേക്ഷ നിരസിക്കുകയായിരുന്നു. 72 കാരിയായ അശ്‌റവി നേരത്തേ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത് അമേരിക്കയിലായിരുന്നു. നിരവധി തവണ യുഎസ് സന്ദര്‍ശിച്ചിരുന്ന ഇവര്‍ക്ക് നിരവധി ബന്ധുക്കളുമുണ്ട്. തന്നെ അമേരിക്കയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്ന അശ്‌റവി പറഞ്ഞു. എനിക്ക് 70 വയസ്സ് പിന്നിട്ടു, ഞാനൊരു മുത്തശ്ശിയാണ്, 196 മുതല്‍ ഞാന്‍ ഫലസ്തീനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ എപ്പോഴും അക്രമരഹിത പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു. വിസ നിഷേധം തികച്ചും രാഷ്ട്രീയപരമാണെന്നും തീരുമാനം വളരെ പരിതാപകരമാണെന്നും അവര്‍ പറഞ്ഞു.