സിംഗപ്പൂരില്‍ സൂം വിഡിയോ കോള്‍ വഴി വധശിക്ഷ
കൊറോണ വൈറസ് പ്രതിരോധത്തെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനും പ്രോസിക്യൂട്ടറും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദത്തില്‍ പങ്കുചേര്‍ന്നതെന്ന് സുപ്രിംകോടതി വക്താവ് പറഞ്ഞു.
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ആദ്യമായി സൂം വിഡിയോ കോള്‍ വഴി വധശിക്ഷയ്ക്ക് വിധിച്ചു. 2011ല്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ മലേസ്യന്‍ സ്വദേശി പുനിതന്‍ ഗണേശന്‍ (37) എന്നയാളുടെ ശിക്ഷാവിധിയാണ് സിംഗപ്പൂര്‍ കോടതി വിധിച്ചത്. കൊറോണ വൈറസ് പ്രതിരോധത്തെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനും പ്രോസിക്യൂട്ടറും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദത്തില്‍ പങ്കുചേര്‍ന്നതെന്ന് സുപ്രിംകോടതി വക്താവ് പറഞ്ഞു. ഇതാദ്യമായാണ് ഇത്തരമൊരു വിധി സിംഗപ്പൂര്‍ കോടതിയില്‍നിന്നുണ്ടാവുന്നത്.
വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍ണാണ്ടോ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കുന്നതില്‍ താന്‍ എതിര്‍ത്തിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, സൂം കോള്‍ ഉപയോഗിച്ച് വധശിക്ഷ വിധിച്ചതിനെ വിമര്‍ശിച്ച് മനുഷ്യാകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വധശിക്ഷ അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണ്.
സൂം പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വധശിക്ഷ വിധിക്കുന്നത് അതിലും ക്രൂരമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്‌സണ്‍ പറഞ്ഞൂ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ കോടതികളില്‍ പരിഗണിച്ചിരുന്ന പല കേസുകളും ജൂണ്‍ ഒന്നുവരെ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍, ലഹരിമരുന്ന് കടത്തുപോലെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുകയാണ്.