'പ്രകോപനപരം, പക്ഷപാതപരം'; കശ്മീര്‍ ഫയല്‍സിനു നിരോധനവുമായി സിംഗപ്പൂര്‍
ചിത്രം വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുമെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സിംഗപ്പൂര്‍: കശ്മീര്‍ സംബന്ധിച്ച് വികലമായ ചിത്രീകരണത്തിലൂടെ വിവാദമായ വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം കാശ്മീര്‍ ഫയല്‍സിന് നിരോധനമേര്‍പ്പെടുത്തി സിംഗപ്പൂര്‍. ചിത്രം വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുമെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സിംഗപ്പൂരിന്റെ ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കപ്പുറമാണ്' സിനിമയെന്നാണ് അധികൃതര്‍ വിലയിരുത്തല്‍. സിംഗപ്പൂര്‍ സാംസ്‌കാരികസാമൂഹികയുവജന മന്ത്രാലയും ആഭ്യന്തര മന്ത്രാലയവും ഇന്‍ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നിരോധനത്തേക്കുറിച്ച് പറയുന്നത്.
സിനിമയില്‍ പ്രതിനിധാനം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാനും നമ്മുടെ ബഹുജാതിമത സമൂഹത്തിലെ സാമൂഹിക ഐക്യവും മതസൗഹാര്‍ദ്ദവും തകര്‍ക്കാനും സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. സിനിമ അത്യന്തം പ്രകോപനപരമവും മുസ്‌ലിംകള്‍ക്കെതിരേ പക്ഷപാത പരമായി ചിത്രീകരിക്കപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 11 ന് ഇന്ത്യയില്‍ പുറത്തിറങ്ങിയ കാശ്മീര്‍ ഫയല്‍സ്, 1990 ലെ കശ്മീര്‍ കലാപത്തില്‍ തന്റെ കശ്മീരി ഹിന്ദു മാതാപിതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് അറിയുന്ന ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുടെ കഥയാണ് പറയുന്നത്. റിലീസ് ചെയ്തതുമുതല്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് ചിത്രം വഴിയൊരുക്കിയത്.