ബ്രിട്ടീഷ്- അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരോള്‍ഡ് ഇവാന്‍സ് അന്തരിച്ചു
1967 മുതല്‍ 1981 വരെ ദി സണ്‍ഡേ ടൈംസിന്റെ പത്രാധിപരായിരുന്ന ഹരോള്‍ഡ്, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനചരിത്രത്തിലെ ഒരു വഴികാട്ടിയായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ന്യൂയോര്‍ക്ക്: ബ്രിട്ടീഷ്- അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന സര്‍ ഹരോള്‍ഡ് ഇവാന്‍സ് (92) അന്തരിച്ചു. 1967 മുതല്‍ 1981 വരെ ദി സണ്‍ഡേ ടൈംസിന്റെ പത്രാധിപരായിരുന്ന ഹരോള്‍ഡ്, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനചരിത്രത്തിലെ ഒരു വഴികാട്ടിയായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ ടീനാ ബ്രൗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മാഗസിന്‍ സ്ഥാപകന്‍, പുസ്തകപ്രസാധകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം.
70 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനജീവിതത്തിനിടയില്‍ തന്റെ തലമുറയിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്‍ ഹരോള്‍ഡിനായി. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേയും രാഷ്ട്രീയ അഴിമതികള്‍ക്കെതിരേയും അദ്ദേഹം പോരാടി. സംശുദ്ധമായ നയങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുതലമുറയ്ക്ക് അദ്ദേഹമൊരു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ അന്വേഷണങ്ങളിലൊന്ന് താലിഡോമിഡ് എന്ന മരുന്ന് മൂലം ജനനവൈകല്യം സംഭവിച്ച നൂറുകണക്കിന് ബ്രിട്ടീഷ് കുട്ടികള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന കണ്ടെത്തലായിരുന്നു.
മരുന്ന് നിര്‍മാണത്തിന്റെ ഉത്തരവാദികളായ കമ്പനികള്‍ക്കെതിരായ അദ്ദേഹത്തിന്റെ കാംപയിന്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുത്തു. സണ്‍ഡേ ടൈംസ്, ടൈംസ് ഓഫ് ലണ്ടന്‍, റോയിറ്റേഴ്സ് തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ഇവാന്‍സ് പ്രവര്‍ത്തിച്ചു. ചരിത്രത്തെയും പത്രപ്രവര്‍ത്തനത്തെയും കുറിച്ച് അദ്ദേഹം അനേകം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ദ അമേരിക്കന്‍ സെഞ്ച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്സ് ആന്റ് റൈറ്റേഴ്സ്, എസന്‍ഷ്യല്‍ ഇംഗ്ലീഷ് ഫോര്‍ ജേണലിസ്റ്റ്സ്, എഡിറ്റിങ് ആന്റ് ഡിസൈന്‍ തുടങ്ങിയവ ഇവാന്‍സിന്റെ തൂലികയില്‍ പിറന്ന പ്രധാന സൃഷ്ടികളാണ്. ''ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്- ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്- അല്‍പം വെളിച്ചം വീശുക മാത്രമാണ്,'' ആ വെളിച്ചത്തില്‍ കളകള്‍ വളരുകയാണെങ്കില്‍, ഞങ്ങള്‍ അത് വലിച്ചുതാഴെയിടും- ഇവാന്‍സ് 2014 ല്‍ ഇന്‍ഡിപെന്‍ഡന്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.