കാലിഫോര്‍ണിയ: ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്്. ഓസ്‌കാറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.താരങ്ങളായ ടോം ഹാങ്ക്സ് , എമ്മ സ്റ്റോണ്‍ , മെറില്‍ സ്ട്രീപ്പ് , സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
ലോസ് ആഞ്ജലിസിലെ പസഫിക് പാലിസേഡ്സ് പ്രദേശം തീപ്പിടിത്തത്തില്‍ നശിച്ചു. അതിനൊപ്പം ഒട്ടേറെ മുന്‍നിര താരങ്ങളുടെ വീടുകളും കത്തിനശിച്ചിരുന്നു.കുറേപേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്യുമ്പോള്‍ ചടങ്ങുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന തോന്നലാണ് ചടങ്ങ് റദ്ദാക്കാനുള്ള ആലോചനകളിലേക്ക് കടക്കാന്‍ കാരണം. ഈ സമയത്ത് ബോര്‍ഡിന്റെ പ്രധാന ആശങ്ക പ്രദേശവാസികള്‍ വലിയ നഷ്ടം നേരിടുമ്പോള്‍ ആഘോഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണെന്നാണ്. അടുത്ത ആഴ്ചയില്‍ തീ അണഞ്ഞാലും നഗരം വേദനയില്‍ നിന്ന് മുക്തമാകാന്‍ സമയമെടുക്കും. അതിനാല്‍ ഈ സമയത്ത് പിന്തുണയിലും ധനസമാഹരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് അധികൃതരുടെ തീരുമാനം.
കാലിഫോര്‍ണിയയിലെ തീപ്പിടിത്തത്തില്‍ 25 പേര്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ അടിയന്തര സേവനങ്ങള്‍ നടത്തുമ്പോള്‍ കണക്ക് ഉയരാനാണ് സാധ്യത. രണ്ട് ലക്ഷത്തിലധികം നിവാസികള്‍ അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 88,000 പേര്‍ ഇപ്പോഴും പലായനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.