ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; നടി എമ്മ സ്‌റ്റോണ്‍

Update: 2024-03-11 03:16 GMT

ലോസ് ഏയ്ഞ്ചല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപന്‍ഹൈമറുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഓപന്‍ഹൈമറാണ് മികച്ച ചിത്രം. ഓപന്‍ഹൈമറും യോര്‍ഗോസ് ലാന്തിമോസ് ചിത്രം പുവര്‍ തിങ്‌സും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്. മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ ഓപന്‍ഹൈമറിനു ലഭിച്ചപ്പോള്‍ നാല് അവാര്‍ഡുകള്‍ പുവര്‍ തിങ്‌സ് നേടി. മികച്ച ചിത്രം, സംവിധായകന്‍ (ക്രിസ്റ്റഫര്‍ നോളന്‍), നടന്‍ (കിലിയന്‍ മര്‍ഫി), എഡിറ്റിങ്( ജെനിഫര്‍ ലേം), സംഗീതം (ലുഡ്‌വിഗ് ഗോറാന്‍സന്‍), സഹനടന്‍ (റോബര്‍ട്ട് ഡൗണി ജൂനിയര്‍), ഛായാഗ്രഹണം (ഹോയ്‌ടെ വാന്‍ ഹോയ്‌ടെമ) എന്നീ വിഭാഗങ്ങളിലാണ് ഓപന്‍ഹൈമര്‍ അവാര്‍ഡ് നേടിയത്. മികച്ച നടി (എമ്മ സ്‌റ്റോണ്‍), മേക്കപ്പ് (നാഡിയ സ്‌റ്റേസി, മാര്‍ക്ക് കൗളിയര്‍, ജോണ്‍ വെസ്റ്റന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം(ഹോളി വാഡിങ്ടണ്‍) എന്നീ വിഭാഗങ്ങളിലാണ് പുവര്‍ തിങ്‌സിന് പുരസ്‌കാരം ലഭിച്ചത്.

    അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപന്‍ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഓപ്പന്‍ഹൈമര്‍. ഒറിജിനല്‍ ഐമാക്‌സ് കാമറയില്‍ ചിത്രീകരിച്ച ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കലക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. നാല് തവണ നോമിനേഷന്‍ ലഭിച്ച ക്രിസ്റ്റഫര്‍ നോളന്റെ ആദ്യ അവാര്‍ഡാണിത്.19 92ല്‍ പുറത്തുവന്ന അലെസ്ഡര്‍ ഗ്രേയുടെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് പുവര്‍ തിങ്‌സ്. ബ്രെയിന്‍ മാറ്റിവെക്കലിന് ശേഷം ഒരു യുവതിയുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ബ്ലാക്ക് കോമഡി ചിത്രമാണ് പുവര്‍ തിങ്‌സ്.

    മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരം ബ്രീട്ടീഷ് ചിത്രമായ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റിനും വിഷ്വല്‍ ഇഫക്ട്‌സിനുള്ള അവാര്‍ഡ് ഗോഡ്‌സില്ല മൈനസ് വണ്ണിനും ലഭിച്ചു. തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രം അനാട്ടമി ഓഫ് ഫാളിനും അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം അമേരിക്കന്‍ ഫിക്ഷനും നേടി.

Tags:    

Similar News