മലേസ്യയിലെ ഫാക്ടറിയുടെ പ്രവർത്തനം സോണി അവസാനിപ്പിക്കുന്നു
മാർച്ച് 2022 ഓടെ പ്ലാന്റ് പൂർണമായും അടയ്ക്കും. 3600 ഓളം തൊഴിലാളികളുടെ ജോലിയെ ഇത് പ്രതികൂലമായി ബാധിക്കും.
ക്വലാലംപൂർ: മലേസ്യയയിലെ ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സോണി കമ്പനി തീരുമാനിച്ചു. രാജ്യത്തെ മറ്റൊരു പ്ലാന്റിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിപണിയിലെ സാഹചര്യങ്ങളും വളർച്ചയുടെ സാധ്യതകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് എപ്പോഴും തീരുമാനമെടുക്കുന്നതെന്ന് സോണി കമ്പനി പറഞ്ഞു.
മലേസ്യയിലെ പെനാങിലെ ഫാക്ടറിയാണ് അടയ്ക്കുന്നത്. സെലങോറിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കും. അടുത്ത സെപ്തംബർ 30 ഓടെ പ്ലാന്റിലെ പ്രവർത്തനം നിർത്തും. മാർച്ച് 2022 ഓടെ പ്ലാന്റ് പൂർണമായും അടയ്ക്കും. 3600 ഓളം തൊഴിലാളികളുടെ ജോലിയെ ഇത് പ്രതികൂലമായി ബാധിക്കും.
ഒരു വിഭാഗം ജീവനക്കാരെ സെലങോറിലേക്ക് മാറ്റും. ഇൻറ്റൽ കോർപറേഷൻ, പാനാസോണിക്, ഡെൽ ടെക്നോളജീസ് തുടങ്ങി നിരവധി കമ്പനികൾക്ക് നിർമ്മാണ കേന്ദ്രങ്ങളുള്ള സ്ഥലമാണ് പെനാങ്. 1973 ലാണ് സോണി പെനാങിൽ ഫാക്ടറി തുറന്നത്. ഇവിടെ ഹോം ഓഡിയോ, നെറ്റ്‌വർക് വാക്‌മാൻ, ഹെഡ്ഫോൺ, ബാറ്ററികൾ എന്നിവയാണ് ഉൽപ്പാദിപ്പിച്ചിരുന്നത്.