ഇസ്‌ലാമാബാദ്: ക്രിക്കറ്റ് കളിയും ഏറ്റുമുട്ടലും താരതമ്യം ചെയ്യരുതെന്നും ഇവയെ രണ്ടായി തന്നെ കാണണമെന്നും പാക് പട്ടാളം. ലോകകപ്പ് ക്രിക്കറ്റില്‍ പാകസ്താനെതിരേ ഇന്ത്യന്‍ ടീമിന്റെ വിജയവുമായി ബന്ധപ്പെട്ടു കേന്ദ്ര അഭ്യന്തര മന്ത്രി നടത്തിയ പ്രസ്താവനക്കു മറുപടിയായാണ് പാക് പട്ടാളത്തിന്റെ പ്രസ്താവന.
പാകിസ്താനുമേല്‍ ഇന്ത്യന്‍ ടീം മറ്റൊരു ആക്രമണം കൂടി നടത്തിയിരിക്കുന്നുവെന്നും മുമ്പത്തെ ആക്രമണം പോലെ തന്നെയാണ് ഇതിന്റെയും ഫലമെന്നുമായിരുന്നു, ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനെ പരാമര്‍ശിച്ച് അമിത്ഷായുടെ ട്വീറ്റ്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സൈന്യം ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തെ ഉദ്ദേശിച്ചാണ് അമിത്ഷായുടെ പരാമര്‍ശമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനു മറുപടിയായാണ് പാക് സൈനിക ഡയറക്ടര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തിയത്.
ക്രിക്കറ്റ് കളിയും വ്യോമാക്രമണവും തമ്മില്‍ താരതമ്യം ചെയ്യരുത്. ശരിയാണ്, നിങ്ങളുടെ ടീം മല്‍സരത്തില്‍ വിജയിച്ചിരിക്കുന്നു. എന്നാല്‍ കളിയെയും വ്യോമാക്രമണത്തെയും രണ്ടായി തന്നെ കാണണം- ആസിഫ് ഗഫൂര്‍ പറഞ്ഞു.
ഇരു ആക്രമണങ്ങളുടെയും ഫലം വിജയം തന്നെയായിരുന്നുവെന്ന അമിത്ഷായുടെ പ്രസ്താവനക്കെതിരേയും ആസിഫ് ഗഫൂര്‍ രംഗത്തെത്തി. ഇന്ത്യയുടെ വ്യോമാക്രമണം പരാജയമായിരുന്നു. തങ്ങളുടെ തിരിച്ചടിയില്‍ രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിഭാഗങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടു. പൈലറ്റിനെ അറസ്റ്റ് ചെയ്തു, തുടങ്ങി ഇന്ത്യക്കു വന്‍ നഷ്ടമാണുണ്ടാക്കിയതെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.