സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ: സൗദിയില്‍ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി
ദമ്മാം: പ്രവാചകന്‍ മുഹമ്മദ് നബിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പിടിയിലാവുകയും അഞ്ചു വര്‍ഷം തടവ് വിധിച്ച് ദമ്മാം ജയിലിലടയ്ക്കപ്പെടുകയും ചെയ്ത മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശി വിഷ്ണുദേവി(29)ന്റെ ശിക്ഷയാണ് ദമ്മാം ക്രിമിനല്‍ കോടതി 10 വര്‍ഷമാക്കി ഉയര്‍ത്തിയത്. 2018 സെപ്തംബറിലാണ് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചിരുന്നത്. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്നു കാണിച്ച് അപ്പീല്‍ കോടതി വിധി പുനഃ പരിശോധിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തടവുശിക്ഷ ഇരട്ടിയാക്കി ഉയര്‍ത്തിയത്. പ്രതി മുസ്‌ലിമായിരുന്നെങ്കില്‍ ഞങ്ങള്‍ ഏകസ്വരത്തില്‍ വധശിക്ഷയായിരുന്നു വിധിക്കുകയെന്നു മൂന്നംഗ ഡിവിഷന്‍ ബെഞ്ച് തലവന്‍ ശെയ്ഖ് അഹ്മദുല്‍ ഖുറൈനി നിരീക്ഷിച്ചു. സൗദി അരാംകോയിലെ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ 5000 റിയാലിലധികം ശമ്പളത്തില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്ന വിഷ്ണു ദേവ് ആറുമാസം മുമ്പാണ് പ്രവാചകനെയും സൗദി അറേബ്യയെയും കുറിച്ച് വിദേശവനിതയുമായി മോശം പരാമര്‍ശം നടത്തി ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ ദഹ്‌റാന്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. വിധി കേള്‍ക്കാനായി കോടതിയില്‍ ഹാജരാക്കിയ പ്രതി തനിക്ക് വധശിക്ഷ ലഭിക്കുമെന്ന പരിഭ്രാന്തിയിലായിരുന്നു. സൗദിയില്‍ സാമുഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയുള്ള നിയമപ്രകാരം ഇത്ര കടുത്ത ശിക്ഷ ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് വിഷ്ണുദേവ്. നിയമത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്തതിന്റെ പഴുത് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവായത്.