'ഇത് ഫലസ്തീന്റെ വിജയം' ; ലോക കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ മര്‍യം ഇടിച്ചിട്ട് നേടിയത് സ്വര്‍ണം
ഗസ:നീ പോവുന്നത് നിന്റെ മാതാപിതാക്കളുടെ സ്വപ്‌നം നിറവേറ്റാനല്ല, ഫലസ്തീന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനാണ്.ഈ വാക്കുകള്‍ കേട്ടാണ് ലോക കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഫലസ്തീന്റെ പ്രതീക്ഷയായി മര്‍യം ബിഷറത്ത് ഇറ്റലിയിലേക്ക് പോയത്. ഫൈനലിന് തൊട്ടുമുമ്പും തന്റെ രാജ്യത്തിന്റെ പ്രതീക്ഷ നിറവേറ്റണം എന്ന ലക്ഷ്യവുമായാണ് മര്‍യം ഇറങ്ങിയത്. അതേ മര്‍യത്തിന്റെയും ഫലസ്തീന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു.
13ാമത് ലോക കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഫലസ്തീന്റെ മര്‍യം ബിഷറത്ത് സ്വര്‍ണം നേടി. ഫൈനലില്‍ താരം വീഴ്ത്തിയത് ഈജിപ്തിനെയായിരുന്നു. ജൂനിയര്‍ ആന്റ് യൂത്ത് ലെവലില്‍ ആണ് മര്‍യത്തിന്റെ സ്വര്‍ണ നേട്ടം. ജൂനിയര്‍-യൂത്ത് ലെവലില്‍ ഫലസ്തീന് ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. 113 രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.
ഇത് എന്റെ സ്വപ്‌നമാണ് ഫലസ്തീന്റെ സ്വപ്‌നം എന്റെ കുടുംബത്തിന്റെ സ്വപ്‌നം-മര്‍യം ബിഷ്‌റത്ത് പറയുന്നു. ഫലസ്തീനായി ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിത കൂടിയാണ് മര്‍യം. ഒരു പാട് നഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച ഒരു നേട്ടമാണ് മര്‍യമിന്റെ വിജയമെന്നും അത് ആഘോഷിക്കേണ്ടതാണെന്നും ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചു. മര്‍യമിന്റെ ആദ്യ കോച്ച് അവളുടെ പിതാവ് തന്നെയാണ്.
ലോകത്തിന് മുന്നില്‍ ഫലസ്തീന്റെ അഭിമാനമാവണമെന്നും ഫലസ്തീന്‍ പതാക ഉയര്‍ന്നുനില്‍ക്കുന്നതാണ് തന്റെ സ്വപ്‌നമെന്നും മര്‍യം പറയുന്നു. തന്റെ വിജയം കേവലം ഒരു അത്‌ലറ്റിന്റെ വിജയമല്ലെന്നും ഫലസ്തീന്റെ രാഷ്ട്രീയപരമായ വിജയമാണെന്നും താരം പറഞ്ഞു. ഈ വര്‍ഷം ഫിലിപ്പിയന്‍സിലും സ്‌പെയിനിലുമായി നടന്ന ചാംപ്യന്‍ഷിപ്പുകളിലും താരം സ്വര്‍ണ്ണം നേടിയിരുന്നു.