വാഷിങ്ടണ്‍: മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സയീദ് പാകിസ്താനില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്രംപ് നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ഹാഫിസ് സയീദ് അറസ്റ്റിലായി മണിക്കൂറുകള്‍ക്കകമാണ് ട്രംപ് വിഡ്ഢിത്തം നിറഞ്ഞ പ്രതികരണം നടത്തിയത്. ''പത്തുവര്‍ഷത്തെ തിരച്ചിലിനു ശേഷം മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഇന്നു പാകസ്താനില്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തെ കണ്ടെത്താന്‍ പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു'' എന്നായിരുന്നു വിഷയത്തില്‍ ട്രംപിന്റെ ട്വീറ്റ്.
എന്നാല്‍ യുഎന്‍ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് പാകിസ്താനില്‍ സ്വതന്ത്രമായി കറങ്ങുകയും നിരവധി റാലികളില്‍ പങ്കെടുക്കുകുയുമായിരുന്നുവെന്നതാണ് സത്യം. ട്രംപ് ട്വീറ്റില്‍ പറഞ്ഞ പോലെ 10 വര്‍ഷമായി പാകിസ്താന്‍ അന്വേഷിക്കുകയോ തിരയുകയോ ചെയ്യുന്നയാളല്ല ഹാഫിസ് സയീദ്. 2001, 2002, 2006, 2008, 2009, 2017 തുടങ്ങി നിരവധി വര്‍ഷങ്ങളില്‍ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തയാളാണ് ഹാഫിസ് സയീദ്. എന്നിരിക്കെയാണ് ട്രംപിന്റെ വിഡ്ഢിത്തം നിറഞ്ഞ ട്വീറ്റ്.
ലാഹോറില്‍ നിന്ന് ഗുജ്‌രന്‍വാലിയിലേക്ക് പോകവെ പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് കഴിഞ്ഞ ദിവസം ഹാഫിസിനെ പിടികൂടിയത്. ഹാഫിസിനെതിരേ വിവിധ വകുപ്പുകളില്‍ നേരത്തെ കേസുകള്‍ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.