''യുഎസിലെ കാലഫോണിയ സംസ്ഥാനം ഡെന്‍മാര്‍ക്ക് പണം കൊടുത്തുവാങ്ങണം'': നിവേദനത്തില്‍ ഒപ്പിട്ട് രണ്ടുലക്ഷം പേര്‍

''യുഎസിലെ കാലഫോണിയ സംസ്ഥാനം ഡെന്‍മാര്‍ക്ക് പണം കൊടുത്തുവാങ്ങണം'': നിവേദനത്തില്‍ ഒപ്പിട്ട് രണ്ടുലക്ഷം പേര്‍
കോപ്പന്‍ഹേയ്ഗന്‍: യുഎസിലെ കാലഫോണിയ സംസ്ഥാനം ഡെന്‍മാര്‍ക്ക് പണം കൊടുത്തുവാങ്ങണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തില്‍ രണ്ടുലക്ഷത്തില്‍ അധികം പേര്‍ ഒപ്പിട്ടു. കാലഫോണിയ സംസ്ഥാനം വാങ്ങാന്‍ ഒരു ട്രില്യണ്‍ ഡോളര്‍ ക്രൗഡ് ഫണ്ട് ചെയ്യേണ്ടി വരുമെന്നും പരിഹാസ സ്വഭാവത്തോടെയുള്ള നിവേദനം പറയുന്നു.
'' നിങ്ങള്‍ എപ്പോഴെങ്കിലും ഭൂപടം നോക്കി ചിന്തിച്ചിട്ടുണ്ടോ?. ഡെന്‍മാര്‍ക്കിന് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ ? കൂടുതല്‍ സൂര്യപ്രകാശം, ഈന്തപ്പനകള്‍, റോളര്‍ സ്‌കേറ്റുകള്‍ ഒക്കെ വേണം. ആ സ്വപ്‌നം സ്വന്തമാക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം വന്നുചേര്‍ന്നിരിക്കുകയാണ്. നമുക്ക് ഡോണള്‍ഡ് ട്രംപില്‍ നിന്ന് കാലഫോണിയ വാങ്ങാം! കാലഫോണിയ നമ്മുടേതാകാം, അത് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.''-നിവേദനം പറയുന്നു.
ഡെന്‍മാര്‍ക്കിന്റെ കീഴിലുള്ള അര്‍ധ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലാന്‍ഡ് പണം കൊടുത്തുവാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് ഈ നിവേദനം വന്നിരിക്കുന്നത്.

കാലഫോണിയയുടെ മാറ്റിയ പതാക
കാലഫോണിയ വാങ്ങിയാല്‍ ഡെന്‍മാര്‍ക്കിനുണ്ടാവുന്ന നേട്ടങ്ങളും നിവേദനത്തിലുണ്ട്. മെച്ചപ്പെട്ട കാലാവസ്ഥ, അവോക്കാഡോ, വൈക്കിങ് ഹെല്‍മറ്റ് ധരിച്ച മിക്കി മൗസ് എന്നിവ ഡാനിഷ് പൗരന്‍മാര്‍ക്ക് ലഭിക്കും. കാലഫോണിയയിലെ പ്രശസ്തമായ ഡിസ്‌നി ലാന്‍ഡ് പാര്‍ക്കിന്റെ പേര് ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സണ്‍ ലാന്‍ഡ് എന്നാക്കി മാറ്റും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഡാനിഷ് എഴുത്തുകാരനാണ് ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സണ്‍. ഇയാളുടെ പേരില്‍ കാലഫോണിയയില്‍ ഒരു മ്യൂസിയമുണ്ട്. കാലഫോണിയ ഡെന്‍മാര്‍ക്കിന്റെ ഭാഗമായാല്‍ നിലവില്‍ കാലഫോണിയയില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നും നിവേദനത്തില്‍ വാഗ്ദാനമുണ്ട്.
''ഹോളിവുഡില്‍ സന്തോഷത്തിന്റെ സിദ്ധാന്തമായ 'ഹുഗ' കൊണ്ടുവരും. ബെവര്‍ലി ഹില്‍സില്‍ സൈക്കിള്‍പാതകളുണ്ടാവും. എല്ലാ തെരുവിലും ഓര്‍ഗാനിക് ഭക്ഷണമായ സ്‌മോറെബ്രഡ്ഡും കൊണ്ടുവരും. നിയമവാഴ്ച്ചയും സാര്‍വത്രിക ആരോഗ്യപരിപാലന പരിപാടികളും കൊണ്ടുവരും.''-നിവേദനം പറയുന്നു.

സ്‌മോറെബ്രഡ്ഡ്
ഫിലിപ്പൈന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് നിവേദനം തയ്യാറാക്കിയതെന്ന് സംഘാടകനായ സേവ്യര്‍ ഡുട്ടോയിറ്റ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കണമെന്ന് ഒരു യുഎസ് വിനോദസഞ്ചാരി പറയുന്നത് കേട്ടു. ഇതാണ് കാലഫോണിയ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗ്രീന്‍ലാന്‍ഡ് യുഎസിന് വേണമെന്ന് ട്രംപ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനെ എതിര്‍ത്ത് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും രംഗത്തുണ്ട്.